ഗവർണറുടെ മാസ്റ്റർ ബ്രയിൻ കാരണഭൂതൻ നിരാശനായി മോദി വരും : എല്ലാം ശരിയാവും

സംസ്ഥാനത്തിന് വയനാട് പുനരധിവാസം പരാതിക്കിടയില്ലാത്ത വിധത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസിലായ പശ്ചാത്തലത്തിൽ പ്രധാന മന്ത്രിയും കേന്ദ്ര സർക്കാരും പുനരധിവാസം ഏറ്റെടുക്കും. അതായത് സി പി എമ്മിനും അവരുടെ കരാർ കമ്പനിക്കും പണം അടിച്ചുമാറ്റാനുള്ള സാഹചര്യം കേന്ദ്രം ഒരുക്കില്ല. പുത്തുമല ആവർത്തിക്കാൻ കേന്ദ്രം സമ്മതിക്കില്ലെന്ന് ചുരുക്കം. രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ മോദി കലക്കും.
വയനാട് ദുരന്തത്തില്‍ മാതൃകാ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളില്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മേപ്പാടി പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകളിലായി 723 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 599 പേര്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ അടിയന്തരിമായി മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചാലേ സ്‌കൂളുകള്‍ തുറക്കാനാവൂ. ദുരന്തബാധിതരെ മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കേണ്ടതുമുണ്ട്. ടൗണ്‍ഷിപ്പും, വീടും ദീര്‍ഘകാല പദ്ധതികളാണ്. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മന്ത്രിമാര്‍ വയനാട്ടിലുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ വിവരം ഉദ്യോഗസ്ഥർക്കുമില്ല.
വാടകവീടുകളിലേക്ക് മാറണമെന്നായിരുന്നു 2019 ല്‍ പുത്തുമല ദുരന്തബാധിതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആറ് മാസത്തെ വാടക യും ഉറപ്പ് നല്കി. എന്നാല്‍ മൂന്നാം മാസം മുതല്‍ വാടക മുടങ്ങിയവര്‍ പുത്തുമലയിലുണ്ട്. അന്ന് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നിരുന്നു. പ്രഖ്യാപിച്ച പത്ത് ലക്ഷം നല്കിയില്ല. പലരുടെയും വീടുകള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ പണം നല്കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
ആശുപത്രികളില്‍ നിന്നവരെ പുനരധിവസിപ്പിക്കുന്നതും പ്രശ്‌നമാണ്. തുടര്‍ ചികിത്സയും പ്രശ്‌നമാണ്. കുടുംബത്തില്‍ ആരും അവശേഷിച്ചിട്ടില്ലാത്ത അവന്തികയെന്ന പിഞ്ചുകുഞ്ഞിനെപ്പോലുള്ള നിരവധിപേരുണ്ട്.
കുടുംബം പൂര്‍ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. രണ്ട് വിദ്യാലയങ്ങള്‍ ദുരന്തത്തില്‍ തകര്‍ന്നതിനാല്‍ പകരം സംവിധാനം അടിയന്തരമായി കണ്ടെത്തേണ്ടതുമുണ്ട്.
പ്രകൃതിക്ഷോഭങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ മാതൃകാപരമായി അതിജീവിച്ചത് എന്നതിന്റെ ചരിത്രം പോലും സംസ്ഥാനഭരണകൂടം മനസിലാക്കുന്നില്ല. വേണമെങ്കിൽ ഇക്കാര്യം പഠിക്കാൻ മന്ത്രിമാർ വിദേശത്ത് പോയെന്നു വരും.
2001 ജനുവരി 26ന് 6356 വീടുകള്‍ നിലം പൊത്തിയ ഗുജറാത്തിലെ ഭുജില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശാസ്ത്രീയമായ പുനരധിവാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയുള്ള ജില്ലയാക്കി അതിനെ മാറ്റാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം മാതൃകകളുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ പ്രധാനമന്ത്രിയെ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്‌ക്കുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി കേരളത്തിൽ വരണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു.
ഇപ്പോള്‍ പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുത് എന്ന് കരുതിയാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതിക്ഷീക്കുന്നത്.
ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ട്. കേരളം ഒറ്റയ്‌ക്കല്ല, രാജ്യം മുഴുവന്‍ കേരളത്തിനൊപ്പമുണ്ട്. എല്ലാ ഭാരതീയരുടെയും പിന്തുണയുണ്ടാകും. വയനാടിനായി പരമാവധി സഹായം ഉറപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ച് 5.12ലക്ഷം രൂപ പിരിച്ചു നല്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേ സമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ചയാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ
അന്തേവാസികളെല്ലാം ആശങ്കയിലാണ്. ഉടുവസ്ത്രവുമായെത്തിയവരാണ് ഇവരെല്ലാം. മറ്റൊന്നും കൈയിലില്ല. തിരിച്ചുപോകാനിടമില്ല. ക്യാമ്പുകളിലെ ചിലര്‍ മാത്രം രക്ഷാപ്രവര്‍ത്തകരുടെ വാഹനത്തിലും കിലോമീറ്ററുകള്‍ നടന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചൂരല്‍മലയിലെത്തി. അവിടം കണ്ട് നെഞ്ചുപൊട്ടിക്കരയാനേ ഇവര്‍ക്കായുള്ളൂ. ആകെയുണ്ടായിരുന്ന കൂര എവിടെയായിരുന്നെന്നു പോലും തിരിച്ചറിയാനാകാത്ത സ്ഥിതി.
മലവെള്ളപ്പാച്ചിലില്‍ നിന്നു കര കയറിയവരും ദുരന്തത്തലേന്നു മാറിത്താമസിച്ചവരുമെല്ലാം ഇതില്‍പ്പെടും. ഒരു രാത്രി കൊണ്ട് അനാഥരാക്കപ്പെട്ട നൂറുകണക്കിനാളുകള്‍. പ്രിയപ്പെട്ടവരുടെ ഓര്‍മയ്‌ക്കായി ഒന്നും ശേഷിപ്പിക്കാതെയാണ് ആ രാത്രി കടന്നുപോയത്. ഇവർക്ക് കേരള സർക്കാരിനെ വിശ്വാസമില്ല. കാരണം പുത്തുമല പകൽ വെളിച്ചം പോലെ അവർക്ക് മുന്നിലുണ്ട്.
സ്വദേശികള്‍ക്കു പുറമേ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവരില്‍ മുമ്പുണ്ടായിരുന്ന പലരെയും കാണാതെയുമായി. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാകുകയും ഒരാള്‍ മരിച്ചെന്നുമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കാണാതായവരുടെ നാട്ടിലെ കുടുംബാംഗങ്ങളോടു മറുപടി പറയാന്‍ പോലും പറ്റുന്നില്ല രക്ഷാപ്രവര്‍ത്തകര്‍ക്ക്. ഇന്നല്ലെങ്കില്‍ നാളെ അവരെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ബന്ധുക്കള്‍.
വര്‍ഷങ്ങളായി നാടുവിട്ടെത്തി മലമുകളില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഉരുള്‍ കൊണ്ടുപോയി. ഇനി നാട്ടിലേക്ക് എങ്ങനെ പോകും? ഇവിടെ നിന്നാല്‍ എങ്ങനെ ജീവിക്കും? ഇതാണ് ഇവിടെയുള്ളവരുടെ ആശങ്ക. ജീവിക്കാന്‍ ഒരിടം വേണം, തല ചായ്‌ക്കാന്‍ ആര്‍ഭാടമൊന്നുമില്ലാത്ത ഒരു കൂര വേണം, ഇത് ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ അവകാശവും ആവശ്യവുമല്ല, അധികൃതരോടുള്ള അപേക്ഷയാണ്.
കേരള സർക്കാർ നൽകുന്ന വാക്കുകൾ അവർ വിശ്വസിക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകുന്ന വാഗ്ദാനങ്ങൾ അവരെ മോഹിപ്പിക്കുന്നില്ല. കാരണം അവർക്ക് ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവർക്ക് ഉറ്റവരും ഉടയവരുമില്ല. എല്ലാം നഷ്ടപ്പെട്ട അവർക്ക് ജീവിതത്തോട് പ്രതീക്ഷ ബാക്കിയില്ല. സർക്കാരുകൾ എന്തു തന്നെ ചെയ്താലും അവർക്ക് പ്രശ്നമില്ല. ബാക്കിയില്ലാത്ത പ്രതീക്ഷകളുമായി ജീവിക്കുന്ന ഇവർക്ക് ലോകം വലിയൊരു ശൂന്യതയാണ്.
ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരുടെയും സഹകരണം ഉറപ്പാക്കിയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായതിനാൽ കേന്ദ്ര സർക്കാരിന് വയനാടിന്റെ കാര്യത്തിൽ പ്രത്യേക താൽപ്പര്യമുണ്ട്. രാഹുൽ ഒരിക്കൽ മാത്രം വന്നുപോയ സ്ഥലമാണ് വയനാട്. ഇവിടേക്ക് പ്രധാനമന്ത്രി എത്തിയാൽ അത് വൻ രാഷ്ട്രീയ മൈലേജായി മാറും. ബി ജെ പിയും വയനാട്ടിൽ രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ നോട്ടം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല.
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണം അതിനുവേണ്ടി മാത്രമേ വിനിയോഗിക്കൂവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. . 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി വിനിയോഗിക്കണം. വയനാട്ടിലെ ഏതെല്ലാം കാര്യങ്ങള്‍ക്ക് ആ പണം ഉപയോഗിച്ചുവെന്നും വ്യക്തമാക്കണം. കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എറണാകുളത്ത് നടന്നതു പോലെ എല്ലായിടത്തും തട്ടിപ്പും വെട്ടിപ്പും നടക്കുമെന്നല്ല. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് എന്തിനാണ്? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. നല്ലകാര്യത്തിന് വേണ്ടി ഉപയോഗിക്കുമെന്ന ധാരണയിലാണ് യു.ഡി.എഫ്. എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേതു പോലുള്ള സംഭവം ഇത്തവണ നടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് സി.പി.എമ്മുകാരാണ് പ്രചരിപ്പിച്ചത്. അല്ലാതെ പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. പുനരധിവാസം സംബന്ധിച്ച് യു.ഡി.എഫ്. വിശദമായ പ്ലാന്‍ സര്‍ക്കാരിന് നല്‍കും. 2021 മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോണ്‍ ഏരിയ മാപ്പിങും അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനി ഒരു ദുരന്തം ഉണ്ടായാലും മനുഷ്യര്‍ നഷ്ടപ്പെടരുത്', പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ഇതേ നിലപാട് തന്നെയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. എന്നാൽ ജനം എതിരാകുമോ എന്ന സംശയം കാരണമാണ് ആരും മിണ്ടാത്തത്. പക്ഷേ ഗവർണർക്ക് അത്തരം ഭയങ്ങളൊന്നുമില്ല. വയനാട് പുനരധിവാസം കേരള സർക്കാരിനെ കൊണ്ടു മാത്രം നടക്കില്ലെന്നാണ് ഗവർണറുടെ നിലപാട്. പ്രധാനമന്ത്രി വയനാട്ടിലെത്തിയാൽ ഇതിൽ ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha


























