വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ.ഷംസീറിനോടു മോശമായി പെരുമാറിയെന്ന പരാതിയിൽ ടിക്കറ്റ് എക്സാമിനറെ ജോലിയിൽനിന്നു മാറ്റിനിർത്തി.... പുനഃപരിശോധിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് അച്ചടക്കനടപടി പിൻവലിച്ചു....

വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ.ഷംസീറിനോടു മോശമായി പെരുമാറിയെന്ന പരാതിയിൽ ടിക്കറ്റ് എക്സാമിനറെ ജോലിയിൽനിന്നു മാറ്റിനിർത്തി. പുനഃപരിശോധിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് അച്ചടക്കനടപടി പിൻവലിച്ചു.
തിരുവനന്തപുരം സ്റ്റേഷനിലെ ടിക്കറ്റ് എക്സാമിനർ പത്മകുമാറിനെതിരേയാണ് സ്പീക്കർ പരാതിപ്പെട്ടത്. ഇതേത്തുടർന്ന് ടിക്കറ്റ് എക്സാനിമിനറെ വന്ദേഭാരതിലെ ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്താൻ ഉന്നതോദ്യോഗസ്ഥർ വാക്കാൽ നിർദേശം നൽകി. സ്പീക്കറുടെ പരാതിയിൽ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും വകുപ്പുതല നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു സ്പീക്കർ. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നയാൾക്കും എക്സിക്യുട്ടീവ് ചെയർകാറിലാണ് റിസർവേഷനുണ്ടായിരുന്നത്. ഇതേ ട്രെയിനിൽ ചെയർകാറിൽ റിസർവേഷൻ ചെയ്തിരുന്ന യാത്രക്കാരൻ, സ്പീക്കർക്കൊപ്പം വന്നിരുന്നു സംസാരിക്കുകയായിരുന്നു. ആലുവയിൽെവച്ചാണ് ഇത് ടിക്കറ്റ് എക്സാമിനറുടെ ശ്രദ്ധയിൽപ്പെട്ടത്. കോട്ടയം വരെയും തുടർന്നതോടെ അധിക ടിക്കറ്റ് എടുക്കണമെന്ന് യാത്രക്കാരനോട് ടിക്കറ്റ് എക്സാമിനർ ആവശ്യപ്പെട്ടു. എക്സിക്യുട്ടീവിൽ സീറ്റൊഴിവുള്ളതിനാൽ അധിക തുക നൽകി ടിക്കറ്റ് ഉയർത്താനാകുമെന്നും പറഞ്ഞു. സ്പീക്കറോട് മോശമയി പെരുമാറിയിട്ടില്ലെന്ന മൊഴിയാണ് ടി.ടി.ഇ. റെയിൽവേ ഉന്നതോദ്യോഗസ്ഥർക്കു നൽകിയത്. എന്നാൽ, സ്പീക്കർ നൽകിയ പരാതിയിൽ ടിക്കറ്റ് എക്സാമിനർ മോശമായി പെരുമാറിയതായി പറയുന്നുണ്ട്.
ശനിയാഴ്ചയാണ് റെയിൽവേ ഡിവിഷണൽ മേധാവിക്കു പരാതി ലഭിച്ചത്. കോച്ചിനുള്ളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ റെയിൽവേ അധികൃതർ പരിശോധിച്ചു. ടിക്കറ്റ് എക്സാമിനർ പറഞ്ഞതുപോലെ ചെയർകാറിലെ യാത്രക്കാരൻ എക്സിക്യുട്ടീവ് കോച്ചിൽ അനധികൃതമായി കയറി ഇരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റം ചെയ്യാത്ത സാഹചര്യത്തിൽ ടി.ടി.ഇ.ക്കെതിരേ അച്ചടക്കനടപടിയെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.ആർ.എം.യു. ഡിവിഷണൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണ പറഞ്ഞു.
https://www.facebook.com/Malayalivartha


























