ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് ഹൈക്കോടതിയില്‍

സിനിമാ രംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് ഹൈക്കോടതിയില്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാര്‍ഗരേഖയാകുമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കമ്മിഷന് ചൂണ്ടിക്കാട്ടി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയെയും വനിതാ കമ്മിഷനൊപ്പം കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഉത്തരവിടുന്നതിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. തന്റേതുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവിടുന്നതെന്നും സ്വകാര്യ വിവരങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചരുന്നു. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ജൂലായ് 31ന് വീണ്ടും പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇതിലാണ് വാദം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























