ഒരു മൃതദേഹവും നാലു ശരീരഭാഗങ്ങളും കൂടി കണ്ടെത്തി, ആകെ മരണം 225

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒമ്പതാം ദിനത്തില്‍ നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. വയനാട്ടില്‍ നിന്ന് ഒന്നും നിലമ്പൂരില്‍ നിന്ന് മൂന്നും ശരീര ഭാഗങ്ങളും തെരച്ചില്‍ സംഘങ്ങള്‍ കണ്ടെടുത്തു. ഇതോടെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നിങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.
ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ എന്‍.ഡി.ആര്‍.എഫ്, ആര്‍മി, കേരള, തമിഴ്‌നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍, എന്‍.ഡി.എം.എ ഡെല്‍റ്റാ സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, പോലീസ്, ഫോറസ്റ്റ്, ഡോഗ് സ്‌ക്വാഡ് എന്നീ സേനകളില്‍ നിന്നായി 1026 പേര്‍ പങ്കാളികളായി. 54 ഹിറ്റാച്ചികളും ഏഴ് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്.
ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയിലെ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നും തുടര്‍ന്നു. പരപ്പന്‍പാറ, സൂചിപ്പാറ ഭാഗങ്ങളിലും സംഘം പരിശോധന നടത്തിയിരുന്നു. പുഞ്ചിരിമട്ടം മേഖലയില്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ സര്‍വ്വെ ടീമിന്റെ നേതൃത്വത്തില്‍ മാപ്പിങ് നടത്തിയായിരുന്നു പരിശോധന. കഡാവര്‍ ഡോഗുകളെ കൂടി ഉള്‍പ്പെടുത്തി നടത്തിയ തെരച്ചിലില്‍ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്.
മൂന്ന് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് സ്ഥലശുചീകരണവും നടത്തി. മുണ്ടക്കൈ മേഖലയില്‍ ഡ്രയിനേജ് ശുചീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. 167 സേനാംഗങ്ങള്‍ 9 ഹിറ്റാച്ചികള്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. 334 സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചൂരല്‍മല ടൗണിലെയും പരിസരപ്രദേശങ്ങളിലെയും തിരച്ചില്‍.
തമിഴ്‌നാട് ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ പങ്കാളികളായി. സ്‌കൂള്‍ റോഡിലും പരിസരത്തുമായി 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 94 പേരടങ്ങിയ സേനാംഗങ്ങളാണ് പരിശോധന നടത്തിയത്. 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 223 പേരടങ്ങിയ സംഘം വില്ലേജ് പരിസരത്തും തെരച്ചില്‍ നടത്തി. 80 ടീമുകളായി 504 വളണ്ടിയര്‍മാരും തെരച്ചിലിന് സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 3960 പ്രഭാത ഭക്ഷണ പാക്കറ്റുകളും 5560 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 579 കുടുംബങ്ങളിലെ 753 പുരുഷന്‍മാരും 751 സ്ത്രികളും 464 കുട്ടികളും ഉള്‍പ്പെടെ 1968 പേരാണ് ക്യാമ്പുകളിലുള്ളത്.
മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങള്‍ക്കും മന്തിസഭാ ഉപസമിതി നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha


























