വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും...തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും, പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും തുടരും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും...തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും, പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും തുടരും.
ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനമായി. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചിലുണ്ടാകും.
ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചില്‍. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്.
16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ കേരളം വലിയ പ്രതീക്ഷയിലാണുള്ളത്്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയുള്ളത്. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും.
കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ദുരന്തമുണ്ടായത് മുതല്‍ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപെടലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം.
"
https://www.facebook.com/Malayalivartha


























