ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണ്; കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി. ലോകമെങ്ങും വഖഫ് സംവിധാനം അംഗീകരിച്ചതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകളായി മുസ്ലിം വിഭാഗത്തിന് മാത്രമായി ഖബര്‍സ്ഥാന്‍, വഖഫ് സ്ഥാപനങ്ങളുടെ ഭരണഘടന തുടങ്ങിയ എല്ലാ വിഷയങ്ങളും അംഗീകരിച്ച് 1913ല്‍ വഖഫ് സാധൂകരണ നിയമം പാസ്സാക്കിയത്.
1954ലെ നിയമ പ്രകാരം വഖഫിന് കൂടുതല്‍ സംരക്ഷണം നല്‍കുകയും ചെയ്തു. പിന്നീട്, വഖഫ് ബോര്‍ഡിനേയും വഖഫ് സ്ഥാപനങ്ങളേയും കൂടുതല്‍ ശക്തിപ്പെടുത്താനും സുരക്ഷിതമാക്കാനും വേണ്ടി 1995 ല്‍ വഖഫ് നിയമം നിലവില്‍ വന്നു. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരമുള്ള ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഭരണഘടനയുടെ അടിസ്ഥാനമാണ്. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് വഖഫ്.
അതുപ്രകാരമുള്ള അവകാശങ്ങളില്‍ പെടുന്ന വഖഫ് എന്റോവ്‌മെന്റുകളേയും വഖഫ് സ്ഥാപനങ്ങളേയും സംരക്ഷിക്കാനും അതിന്റെ സ്വാതന്ത്ര്യം അതാത് മതവിഭാഗങ്ങള്‍ക്ക് ഉറപ്പുവരത്താനും വേണ്ടിയാണ് വഖഫ് നിയമം. ഇതിന്റെ മേലുള്ള ഇടപെടലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2013ല്‍ വഖഫ് നിയമ ഭേദഗതിക്ക് മുമ്പ് റഹ്മാന്‍ ഖാന്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി സംസ്ഥാന സര്‍ക്കാരുകളുടെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും അഭിപ്രായം പരിഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട നടപടി പ്രഹസനമായി മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























