വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് കിട്ടിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കേസ് ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് കിട്ടിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസ് പരിഗണിക്കുന്നത് , ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ്.
കോടതിയുടെ പരിഗണനയിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുമുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.
രാവിലെ 10 മണിയ്ക്ക് കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് എസ്കെഎംജെ സ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha


























