സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ച കേസില്‍ സഹതടവുകാരന് അറസ്റ്റില്‍...

സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ച കേസില്‍ സഹതടവുകാരന് അറസ്റ്റില്‍... കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന് (86) ആണ് മരിച്ചത്. പാലക്കാട് കൊട്ടായി സ്വദേശി കുന്നത്ത് വീട്ടില്‍ വേലായുധനെ (75) ആണ് ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ വേശുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് വേലായുധന്. ജയിലിലെ 10-ാം നമ്പര്‍ ബ്ലോക്കിലെ നാലാമത്തെ മുറിയിലെ ഏകാന്തതടവറയിലെ തടവുകാരായിരുന്നു കരുണാകരനും വേലായുധനും. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കേറ്റം വരെയുണ്ടായി.
കരുണാകരന്റെ ഊന്നുവടിയുപയോഗിച്ച് വേലായുധന് കരുണാകരന്റെ മുഖത്തും തലയ്ക്കും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. നിലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കരുണാകരനെ ജയില്‍ അധികൃതര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും മുഖത്തുമേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
"
https://www.facebook.com/Malayalivartha


























