ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മലയാളികളുടെ അഭിമാനമായി ലോകവേദിയിലെത്തി, പക്ഷേ കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കടമ്പ കടക്കാനായില്ല. 75-ാമത് മിസ് യൂണിവേഴ്‌സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി സുന്ദരി കെസിയ ലിസ് മെജോയ്ക്ക് മടക്കം. ആദ്യ 30 പേരുടെ പട്ടികയിൽ ഇടംപിടിച്ച് ലോക ശ്രദ്ധ നേടിയെങ്കിലും ആദ്യ 12ൽ എത്താനാകാതെ കെസിയയുടെ മത്സരയാത്ര അവസാനിച്ചു. കിരീടം നേടാനായില്ലെങ്കിലും മലയാളികൾക്ക് അഭിമാനിക്കാവുന്ന ചരിത്ര നേട്ടവുമായാണ് ഈ 19-കാരി മടങ്ങുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 116 മത്സരാർത്ഥികൾ മാറ്റുരച്ച 75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിന്റെ ഫൈനൽ വേദിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ കെസിയയിൽ കേന്ദ്രീകരിച്ചത്. അമേരിക്കയിലെ പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലായിരുന്നു മത്സരം. ആദ്യഘട്ടത്തിൽ മുപ്പത് സെമിഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ പേരും അതിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സര വേദിയിൽ മുന്നേറുന്നത് മലയാളികൾക്കും വലിയ സന്തോഷമായി.
എന്നാൽ മുപ്പത് പേരിൽ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തപ്പോഴാണ് കെസിയയ്ക്ക് തിരിച്ചടി നേരിട്ടത്. സ്വിംസ്യൂട്ട് റൗണ്ടിന് പിന്നാലെ പ്രഖ്യാപിച്ച ടോപ്പ് 12 പട്ടികയിൽ ഇന്ത്യയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ഈവനിംഗ് ഗൗൺ റൗണ്ടിലേക്ക് കടക്കാനുള്ള അവസരവും നഷ്ടമായി. ഇന്ത്യയുടെ നാലാമത്തെ മിസ് യൂണിവേഴ്‌സ് കിരീടം എന്ന സ്വപ്നവും ഇത്തവണ അവസാനിച്ചു.
എങ്കിലും കെസിയയുടെ ഈ യാത്രയെ ഒരു പരാജയമായി മാത്രം കാണാനാകില്ല. കാരണം, മിസ് യൂണിവേഴ്‌സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷമാണ് കെസിയ ലോകവേദിയിലെത്തിയത്. മിസ് യൂണിവേഴ്‌സിന്റെ 75 വർഷത്തെ ചരിത്രത്തിൽ കേരളത്തിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയാണ് കെസിയ ലിസ് മെജോ. രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ ആദ്യ മുപ്പത് പേരിൽ ഇടംപിടിക്കാനും ഈ മലയാളി പെൺകുട്ടിക്ക് സാധിച്ചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ് കെസിയ. വളർന്നത് അബുദാബിയിലാണ്. ബംഗളൂരുവിൽ നിയമപഠനം തുടരുന്നതിനൊപ്പം മോഡലിങ്ങിലും സജീവമാണ്. പഠനവും കലയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന കെസിയയ്ക്ക് നൃത്തത്തിലും സംഗീതത്തിലും താൽപര്യമുണ്ട്. പന്ത്രണ്ട് വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന താരം വയലിനും ഡ്രംസും വായിക്കും. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിലൂടെയും കെസിയ മലയാളികൾക്ക് പരിചിതയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 23ന് ജയ്പൂരിൽ നടന്ന മത്സരത്തിലാണ് കെസിയ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കിയത്. അന്ന് നിരവധി മത്സരാർത്ഥികളെ പിന്നിലാക്കി കിരീടം നേടിയപ്പോൾ തന്നെ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇന്ത്യയുടെ പ്രതിനിധിയായി ലോകവേദിയിലേക്ക്. അവിടെ 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കിടയിൽ ആദ്യ മുപ്പതിൽ ഇടംപിടിച്ചതും ചെറിയ നേട്ടമല്ല.
ഇന്ത്യ ഇതുവരെ മൂന്ന് തവണയാണ് മിസ് യൂണിവേഴ്‌സ് കിരീടം നേടിയിട്ടുള്ളത്. 1994ൽ സുസ്മിത സെൻ, 2000ൽ ലാറ ദത്ത, 2021ൽ ഹർനാസ് സന്ധു. നാലാം കിരീടം എന്ന പ്രതീക്ഷയോടെയാണ് ഇത്തവണ ഇന്ത്യ മത്സരിച്ചത്. എന്നാൽ ആ സ്വപ്നം പൂർത്തിയാക്കാൻ കെസിയയ്ക്ക് സാധിച്ചില്ല.
75-ാം പതിപ്പിന്റെ പ്രത്യേകതകളിലൊന്നാണ് 3,150 വജ്രങ്ങൾ പതിപ്പിച്ച പുതിയ കിരീടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുന്ദരിമാർ മാറ്റുരച്ച വേദിയിൽ ആ കിരീടം മറ്റൊരാൾ സ്വന്തമാക്കുമ്പോൾ, കിരീടമില്ലെങ്കിലും ചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർത്താണ് മലയാളിയായ കെസിയയുടെ മടക്കം. ലോക വേദിയിൽ കേരളത്തിന്റെ പേര് ഉയർത്തിയ ഈ പത്തൊൻപതുകാരിയുടെ യാത്രയ്ക്ക് ഇവിടെ അവസാനമാകുന്നില്ല.
https://www.facebook.com/Malayalivartha
























