മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി

മധുര മേഖല ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു രണ്ടാഴ്ച പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഓഗസ്റ്റില്‍ ശക്തമായ മഴയും അണക്കെട്ട് പ്രദേശത്തു വെള്ളപ്പൊക്ക സാഹചര്യവും ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച ചര്‍ച്ചയും പരിശോധനയും നടന്നു. പ്രധാന അണക്കെട്ട്, ബേബി ഡാം, എര്‍ത്ത് ഡാം, കോളിയറി പ്രദേശങ്ങള്‍, ഓവര്‍ ഫ്ളോ ചാനലുകള്‍ എന്നിവ പരിശോധിച്ചു. സീസ്മോഗ്രാഫ്, ഒക്ലൂഗ്രാഫ്, മഴമാപിനി, തെര്‍മോമീറ്റര്‍, അനിമോമീറ്റര്‍, അണക്കെട്ടിലെ അനിമോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ചീഫ് എന്‍ജിനീയര്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തതായാണ് സൂചന.
അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത സംഭരണശേഷിയില്നിന്നു കുതിച്ചുയരാതെ നിയന്ത്രിക്കുന്നതും അടിയന്തര ഘട്ടങ്ങളില്‍ തമിഴ്നാട്ടിലേക്ക് ഒഴുക്കുന്ന ജലത്തിന്റ തോത് ഉയര്‍ത്തുന്നതും ചര്‍ച്ചാ വിഷയമായി.
അണക്കെട്ടിലേക്കുള്ള വള്ളക്കടവ് റോഡ് നിര്‍മാണം, തമിഴ്നാട് ബോട്ടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കു ഡാം എന്‍ജിനീയര്‍മാര്‍ക്കു ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്കി. പെരിയാര്‍ ഡാം സൂപ്രണ്ടിങ് എന്‍ജിനീയര്‍ സാം ഇര്വിന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ രാജഗോപാല്‍, പാര്ഥിബന്, ബാലശേഖരന്‍, നവീന്‍ കുമാര്‍ എന്നിവരും ചീഫ് എന്‍ജിനീയര്‍ക്കൊപ്പം അണക്കെട്ടിലെത്തി.
കാലപ്പഴക്കം ഏറെയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുന്നതായി, വയനാട് ദുരന്തത്തിന്റെ് പശ്ചാത്തലത്തില്‍ വീണ്ടും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാട് ജലവിഭവ വകുപ്പിന്റെ പരിശോധന ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























