നിർമലാ സീതാരാമനെതിരെ കേസുകൊടുത്ത സെക്രട്ടറിയെ കേന്ദ്രം എടുത്തു ! അന്തം വിട്ട് പിണറായി

കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പിണറായി സർക്കാരിലെ ധന സെക്രട്ടറിയെ കേന്ദ്രം വിളിച്ചു. ധനസെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളിനെയാണ് കേന്ദ്രം വിളിച്ചത്. ഇതോടെ കേരളത്തിന്റെ സുപ്രീം കോടതി കേസ് പെരുവഴിയിലായി. കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് കേരളം നൽകിയ സുപ്രീം കോടതിയിലെ ഹർജി ഇതോടെ ആവിയായി. ഇനി പണമില്ലാതെ തെക്കും വടക്കും നടക്കാനായിരിക്കും കേരളത്തിന്റെ വിധി.
ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 3 ധന സെക്രട്ടറിമാരാണ് മാറിയത് . പണ്ട് ഐ.എ എസുകാരുടെ ഗ്ലാമർ വകുപ്പാണ് ധനം. എന്നാൽ പിണറായി സർക്കാരിൽ ധനവകുപ്പ് ഏറ്റെടുക്കാൻ ആരും തയ്യാറല്ല. രണ്ടാം പിണറായി സർക്കാരിൽ രാജേഷ് കുമാർ സിംഗ് ആയിരുന്നു ആദ്യ ധന സെക്രടറി. പിന്നീട് ബിശ്വനാഥ് സിൻഹ ചുമതലയേറ്റെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പിലേക്ക് മാറി. പിന്നാലെ രബീന്ദ്ര കുമാർ അഗർവാൾ വന്നു. കഴിഞ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കേരള സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് അഗർവാളിനെ മറികടന്നാണ്.. ഇതിനോട് മന്ത്രി ബാലഗോപാലിനും എതിർപ്പായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേസു കൊടുക്കണമെന്ന് പിടിവാശി കാണിച്ചു. ധനവകുപ്പിൽഎടുക്കേണ്ട പല തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എടുക്കുന്നു എന്ന പരാതി ധനവകുപ്പിനുണ്ട്. രവീന്ദ്ര കുമാർ അഗർവാൾ കേരളം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. അഗർവാൾ ഡൽഹിയിൽ എത്തുന്നതോടെ കേരളത്തിന്റെ കളികളുടെ പൂർണ വിവരങ്ങൾ കേന്ദ്രത്തിന് കിട്ടും. കേസ് ഇപ്പോഴും തീർന്നിട്ടില്ല.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലന്തിൽ കേരളത്തിനു വേണ്ടി കേസ് ഡ്രാഫ്റ്റ് ചെയ്ത അഗർവാൾ തന്നെ കേരളത്തെ തോൽപ്പിക്കും.
സുപ്രീം കോടതിയിലെ കേസിൽ ഇനി കേരളത്തിനെതിരെ കളിക്കുന്നത് അഗർവാൾ ആയിരിക്കും. കേസു കൊടുത്തതു കൊണ്ടാണ് കേരളത്തിന് കിട്ടേണ്ടിയിരുന്ന പണം വൈകിയത്. ഇനി കേരളത്തിന് കേന്ദ്രത്തിന് മുന്നിൽ കൈനീട്ടേണ്ടി വരും. കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കാൻ പോലും കേസ് വേണ്ടി വന്നു. കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയും മുടങ്ങി. ഫണ്ടിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ടത് ധന സെക്രട്ടറിയാണ്. കേന്ദ്രവുമായി ഉടക്കിയതോടെ ഇത്തരത്തിൽ തലകുനിച്ചാലും ഫണ്ട് കിട്ടില്ലെന്നായി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കേരളത്തിന് ഒരിക്കലും കരകയറാൻ കഴിയില്ലെന്ന സാഹചര്യവും നിലവിൽ വന്നു. ഇതും ധന സെക്രട്ടറിമാരെ പിന്നോട്ടടിക്കുന്നു. സമർത്ഥരായ ഉദ്യോഗസ്ഥർകാർക്കും ധനവകുപ്പിനോട് ഒരു താൽപര്യവുമില്ല.
മന്ത്രി ബാലഗോപാലിന് വകുപ്പിൽ ഒരു സ്വാധീനവുമില്ലാത്തതാണ് യഥാർത്ഥ പ്രശ്നം. മുഖ്യമന്ത്രിയുടെ നേത്യത്വത്തിലാണ് ധനവകുപ്പിലെ ഭരണം നടക്കുന്നത്.സൂപ്പർ മുഖ്യമന്ത്രിയായി വിരാജിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ ധന സെക്രട്ടറിക്ക് മുന്നിൽ തലകുമ്പിട്ട് നിൽക്കാൻ ധനവകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറല്ല. ധനവകുപ്പിൽ
നിന്നും വാർത്തകൾ ചോർന്ന് മാധ്യമങ്ങൾക്ക് ലഭിക്കുന്നത് ഇത്തരം റൂട്ടിലൂടെയാണ്..
അടുത്തിടെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കെ.എം. എബ്രഹാം പങ്കെടുത്തിരുന്നു. സൂപ്പർ ധനമന്ത്രി എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.ധനമന്ത്രി കെ . എൻ. ബാലഗോപാലിനെക്കാൾ സ്വാധീനം മുഖ്യമന്ത്രിയിൽ കെ.എം. എബ്രഹാമിനുണ്ട്. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ ഫിനാൻഷ്യൻ അഡ്വൈസർ.
കേരളം കണ്ട പ്രഗത്ഭ ഐ. എ എസുകാരിൽ ഒരാളാണ് കെ.എം. എബ്രഹാം. പഠിച്ചത് എഞ്ചിനീയറിങ് ആയിരുന്നുവെങ്കിലും കെ.എം.എബ്രഹാമിന് താൽപര്യം ധനകാര്യത്തിലായിരുന്നു. കേരളസർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ബിടെക്, കാൺപൂർ ഐ.ഐ.ടി.യിൽ നിന്ന് എം.ടെക്, അമേരിക്കയിലെ പ്രശസ്തയായ മിഷിഗൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എന്നിവിടം വരെയെത്തി സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസം. പിന്നീടാണ് ധനകാര്യത്തിലേക്ക് കടന്നത്. അമേരിക്കയിൽ നിന്നു തന്നെ സി.എഫ്.എ. (ചാർട്ടേർഡ് ഫൈനാൻഷ്യൽ അസിസ്റ്റന്റ്) നേടിയ എബ്രഹാം സ്റ്റൻഫോർഡ്, ജോൺ ഫ്രാപ്കിൻസ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ജലിസ് എന്നിങ്ങനെയുള്ള ലോകോത്തര സർവകലാശാലകളിൽ നിന്ന് വിവിധ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും പാസായിട്ടുണ്ട്.
മെഷീൻ റീഡിങ്, ബിഗ്ഡേറ്റാ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസ്, എക്സ്പ്ലോറേറ്ററി ഡേറ്റ അനാലിസിസ് എന്നിങ്ങനെ എബ്രഹാം പഠിച്ച വിഷയങ്ങളുടെ എണ്ണം ഏറെ. ജീവിതത്തിന്റെ ഏറിയകാലവും വലിയ വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ ശ്രമിച്ച കണ്ടത്തിൽ മാത്യു എബ്രഹാം കേരളത്തിന്റെ ചീഫ് സെക്രട്ടറിയുമായി.
1996 ലെ നായനാർ സർക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവൺമെന്റ് പ്രോഗ്രാം (എം.ജി.സി.) എന്ന പദ്ധതിക്കു നേതൃത്വം നൽകിയതാണ് എബ്രഹാമിന്റെ മറ്റൊരു വലിയ നേട്ടം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (എഎസ്എപി) എന്ന പേരിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. മൂന്നു ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിലൂടെ വിവിധ മേഖലകളിൽ പരിശീലനം നേടിയത്.
1996 ൽ ത്തന്നെയാണ് കേരളത്തിന് ആദ്യമായി വിദേശ ഫണ്ടിങ് ലഭിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. രണ്ടുഘട്ടങ്ങളായി കിട്ടിയ 1300 കോടിരൂപ സംസ്ഥാനത്തിന്റെ പൊതു ചെലവുകൾക്കും വിവിധ വികസനപ്രവർത്തനങ്ങൾക്കുമാണ് ചെലവഴിച്ചത്.
ധനകാര്യമന്ത്രിയായിരുന്ന ടി.ശിവദാസമേനോൻ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതിയായിരുന്നു ഇത്. തന്റെ ശക്തി ധനകാര്യവകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന വിനോദ് റായിയും കെ.എം.എബ്രഹാമുമായിരുന്നുവെന്ന് ശിവദാസമേനോൻ പലപ്പോഴും പറയുമായിരുന്നു. ശിവദാസ മേനോനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു കെ.എം. എബ്രഹാം.
2008 മുതൽ 2011 വരെ സെബി (സെക്ര്യൂരിട്ടീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ്) അംഗമായകാലം കടുത്ത പരീക്ഷണകാലഘട്ടമായിരുന്നു എബ്രഹാമിന്. സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നൽകിയ രണ്ടു റിപ്പോർട്ടുകൾ സഹാറായുടെ ഭീമമായ സാമ്പത്തിക കടങ്ങൾ പുറത്തുകൊണ്ടുവന്നു. സഹാറ ഇന്ത്യാ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ സഹാറ ഹൗസിങ് കോർപ്പറേഷൻ എന്നിവയുടെ ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്ന് സഹാറ ഗ്രൂപ്പിന്റെ പ്രധാനി സുബ്രതാ റോയി വലിയ കുരുക്കിലായി. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകർ അണിനിരന്നിട്ടും എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ടിനെ വെല്ലുവിളിക്കാനായില്ല. 2014 ഫെബ്രുവരി 17 -ാം തീയതി രൂക്ഷമായ ഭാഷയിൽ പ്രഖ്യാപിച്ച കോടതി വിധിയിൽ സുബ്രതാ റോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു സുപ്രീംകോടതി.
2012 ഓഗസ്റ്റ് 31 ന് ജസ്റ്റിസ് ജെ എസ് കെഹാർ, ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച പ്രസിദ്ധമായ സഹാറാ കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2014 ലെ അറസ്റ്റ് ഉൾപ്പെടെ നടന്നത്. അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖർജിക്കെതിരെ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്ങിനു നേരിട്ടു പരാതി കൊടുതതയാളാണ് എബ്രഹാം. സെബിയുടെ പ്രവർത്തനങ്ങളിൽ ധനകാര്യമന്ത്രി ഇടപെടുന്നുവെന്നായിരുന്നു പരാതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം, സിബിഐ അന്വേഷണം എന്നിങ്ങനെ പലവഴിക്കായി എബ്രഹാം നേരിട്ട പീഡനങ്ങൾ .സെബിയിൽ രണ്ടാമതൊരു ഊഴം നിഷേധിക്കപ്പെടുകയും ചെയ്തു.എന്നാലും സെബിയിൽ എബ്രഹാമിന് സ്വാധീനമുണ്ട്.
സംസ്ഥാന വിജിലൻസും എബ്രഹാമിനു നേരെ ത്വരിതാന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. വിജിലൻസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽചെന്ന് താമസസ്ഥലത്തിന്റെ വിസ്തീർണം അളന്നെടുത്തു. ഭാര്യ മാത്രമുള്ളപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ എബ്രഹാമിന്റെ വീട്ടിൽ എത്തിയത് ഐ.എ.എസ്. സമൂഹത്തെ ഞെട്ടിയ സംഭവമായിരുന്നു. പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എബ്രഹാമിനെ പിന്താങ്ങി സംസാരിച്ചതോടെയാണ് ഈ വിഷയം തണുത്തത്. വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസിന് സ്ഥാന നഷ്ടം സംഭവിക്കാൻ ഒരു കാരണം എബ്രഹാമിനെതിരെയുള്ള അന്വേഷണമായിരുന്നു.
കിഫ്ബിയിൽ ഇ.ഡി. പിടിമുറുക്കിയാൽ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് എബ്രഹാം കരുതി. അതിനാൽ കിഫ്ബിക്കെതിരായ നീക്കങ്ങളെല്ലാം തോമസ് ഐസക്കിലേക്ക് തിരിച്ചു വിട്ടു. അങ്ങനെ ഐസക്ക് വലിയ അഴിമതിക്കാരനായി. മുഖ്യമന്ത്രിക്കും താൽപര്യം ഇതു തന്നെയായിരുന്നു.
ഇങ്ങനെയൊക്കെയുള്ള കെ.എം.അബ്രഹാമിനെ പേടിച്ചാണ് ധന സെക്രട്ടറിമാർ നാടുവിടുന്നത്. ചുരുക്കത്തിൽ കേരളത്തിൽ ധന സെക്രട്ടറിയാവാൻ ഏതെങ്കിലും ജൂനിയർ ഓഫീസറെ കണ്ടെത്തേണ്ടി വരുമെന്ന സാഹചര്യമാണ് ഇന്നുള്ളത്. എബ്രഹാമിന് ഏറാൻ മൂളിയായി നിന്നില്ലെങ്കിൽ ജീവിക്കാനാവില്ല എന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്.
ധന സെക്രട്ടറി പോലൊരു മുതിർന്ന ഉദ്യോഗസ്ഥനെ കേന്ദ്രം വിളിക്കുന്നത് അപൂർവ സംഭവമാണ്. അതും നിർമലാ സീതാരാമനെതിരെ കേസ് കൊടുത്ത ഉദ്യോഗസ്ഥനെ. നിർമല സീതാരാമന്റെ മന്ത്രാലയത്തിൽ തന്നെ അഗർവാളിന് നിയമനം നൽകുമെന്നാണ് വിവരം. കേരളത്തിന്റെ പത്തി മടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും ഈ നിയമനം. പക്ഷേ കെ.എം. എബ്രഹാമിന് ഒന്നും സംഭവിക്കില്ല. കാരണം വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നുതന്നെയായി മാറിയിരിക്കുന്നു.
മന്ത്രി ബാലഗോപാൽ ഇതിലൊന്നും കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. കാരണം അദ്ദേഹത്തിന് സ്വന്തം വകുപ്പിൽ ഒരു റോളുമില്ല. ധനകാര്യം താറുമാറായതായി ബാലഗോപാൽ തുറന്നു സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണ്ട് ബാലഗോപാലിന്റെ ആരോഗ്യം പോലും ക്ഷയിച്ചെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ പറയുന്നത്.
https://www.facebook.com/Malayalivartha


























