പുത്തുമല-കവളപ്പാറക്കാരുടെ ഗതി തന്നെയോ മുണ്ടക്കൈയ്ക്കും ! പിണറായീ...ആ പാവങ്ങളെ ചതിയ്ക്കരുത്

മുണ്ടക്കൈയില്‍ ദുരന്തമുണ്ടായി തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ടു ടൗണ്‍ഷിപ്പ്. അതിന്റെ ഗതി എന്താകുമെന്ന് കാത്തിരുന്ന് കാണണം. കവളപ്പാറയിലേയും പുത്തുമലയിലേയും പെട്ടിമുടിയിലേയും ദുരന്തം കണ്ടവരാണ് നമ്മള്‍. എന്നാല്‍ ആ ദുരന്തത്തിന് ശേഷം അവരെ നമ്മള്‍ കാണ്ടില്ലെന്ന് നടിച്ചു. സര്‍ക്കാരും അവരെ മറന്ന് കഴിഞ്ഞു. മുണ്ടക്കൈയിലെ മനുഷ്യരെയെങ്കിലും ചതിയ്ക്കരുത്. അവര്‍ക്ക് വേണ്ടി കോടികളുടെ സഹായം എത്തിയിട്ടുണ്ട് അതൊക്കെ അവരിലേക്ക് തന്നെ എത്തണം. കേരളം മറന്ന് കഴിഞ്ഞു പുത്തുമലയും കവളപ്പാറയും ഒക്കെ. അവിടുത്തെ മനുഷ്യരുടെ അവസ്ഥ എന്താണ് സര്‍ക്കാര്‍ സഹായം ലഭിച്ചോ അതൊന്നും പിന്നീട് ആരും അന്വേഷിച്ചതേയില്ല. മുണ്ടക്കൈയിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്.
2019ലാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടിയത്. 105 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ദുരിതാശ്വാസമായി പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിനു 5 ലക്ഷം കൂടി നല്‍കി. 6 ലക്ഷം സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം വീട് വയ്ക്കുന്നതിനുമാണ് അനുവദിച്ചത്. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാണ് വീടു വച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് പലരും സ്വന്തമായ വീടുകളില്‍ താമസിക്കാന്‍ തുടങ്ങിയത്. കുടിവെള്ളത്തിനുള്ള കുളം കുത്തിയതും മോട്ടര്‍ വച്ചതും വാട്ടര്‍ ടാങ്ക് നിര്‍മിച്ചതും വരെ സ്വകാര്യ കമ്പനികളും വ്യക്തികളും ചേര്‍ന്നാണ്. ബാക്കി കുടുംബങ്ങളും ഇതുപോലെ പലരുടേയും സഹായത്താലാണ് പുനര്‍ജീവനം സാധ്യമാക്കിയത്. സര്‍ക്കാര്‍ നേരിട്ട് ഒറ്റ വീടുപോലും നിര്‍മിച്ചു നല്‍കിയിട്ടില്ലെന്ന് പുത്തുമല വാര്‍ഡ് മെംബര്‍ സുകന്യ പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും മറ്റു വസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്കും യാതൊരു ധനസഹായവും ലഭിച്ചില്ല. ദുരന്ത ബാധിതരായ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത് 4 ലക്ഷം രൂപ മാത്രമാണെന്നും അവര്‍ പറഞ്ഞു. വന്യമൃഗ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമ്പോളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം മാത്രം നല്‍കിയത്. ഉരുള്‍പൊട്ടലില്‍ ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെയാണ് പലരും രക്ഷപ്പെട്ടത്. ഇവരില്‍ പലരും ജീവിക്കുന്നത് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായം കൊണ്ടാണ്. പൂത്തക്കൊല്ലില്‍ സ്‌കൂള്‍ ഉള്‍പ്പെടെ നിര്‍മിക്കുെമന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പക്ഷേ ഒന്നുമുണ്ടായില്ല.
പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച പന്ത്രണ്ടുപേരില്‍ എട്ട് പേര്‍ക്ക് കുട്ടിയാര്‍വാലിയില്‍ വീടുകള്‍ വച്ച് നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്ഥലം നല്‍കുകയും കണ്ണന്‍ ദേവന്‍ കമ്പനി അവിടെ ഒരുകോടിയോളം രൂപ ചെലവിട്ട് രണ്ടു കിടപ്പുമുറികളും സ്വീകരണ മുറിയും അടുക്കളയുമുള്ള വീടുകള്‍ നല്‍കുകയും ചെയ്തു. വീടുകിട്ടിയവരില്‍ മിക്കവരും അവിടെ താമസിക്കുന്നില്ല. നല്ല വീട്ടില്‍ താമസിക്കാതെ അവര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍/ സൗകര്യങ്ങള്‍ കാരണം പെട്ടിമുടിയില്‍ ദുരിതമുണ്ടായതിന് അടുത്തുള്ള ലായങ്ങളിലാണ് താമസിക്കുന്നത്. അതെന്താണ് തൊഴില്‍പരമായ ആവശ്യങ്ങളും കാരണങ്ങളും? കുട്ടിയാര്‍ വാലിയില്‍ നിന്നും രാവിലെ തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ അനുവദിക്കപ്പെട്ട തേയില തോട്ട ഭാഗങ്ങളില്‍ പോയി ജോലി ചെയ്ത് വൈകിട്ട് തിരിച്ചെത്തുക എന്നത് പെടാപാടാണ്. അവരുടെ തൊഴിലും ഉപജീവനവുമായി പൊരുത്തപ്പെടുന്നതല്ല ഈ എട്ട് വീടുകള്‍. കേന്ദ്രം പറഞ്ഞ നഷ്ടപരിഹാരം ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. സംസ്ഥാനം നഷ്ടപരിഹാരം കൊടുത്തെങ്കിലും അവര്‍ എല്ലാം ഭൂരഹിതരാണ്. ടാറ്റയുടെ ലായങ്ങളില്‍ ജീവിതം തള്ളി നീക്കുന്നവരാണ്. അവര്‍ക്കും പുനരധിവാസം ആവശ്യമുണ്ട്. മെച്ചപ്പെട്ട വീടുകള്‍ സര്‍ക്കാരും ടാറ്റയും വച്ചുകൊടുത്തിട്ട് പോലും അവിടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് താമസിക്കാന്‍ പറ്റുന്നില്ലെങ്കില്‍പുനരധിവാസം ലക്ഷ്യം കണ്ടില്ല എന്ന് തന്നെയാണ് അര്‍ഥം.
കവളപ്പാറയിലും ഭൂരിഭാഗം കുടുംബങ്ങളും താമസിക്കുന്നത് ഇത്തരത്തില്‍ സന്നദ്ധ സംഘടനകള്‍ നിര്‍മിച്ചു നല്‍കിയ വീടുകളിലാണ്. 128 വീടുകളാണ് മൊത്തം േവണ്ടിയിരുന്നതെങ്കില്‍ 600ലധികം വീടുകളാണ് അന്ന് വാഗ്ദാനം ചെയ്യപ്പെട്ടത്. 32 ആദിവാസി വീടുകള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പൂര്‍ത്തിയാക്കി. ബാക്കി വീടുകളെല്ലാം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തിലാണ് പൂര്‍ത്തിയായത്. ദുരന്തമുണ്ടായി ആറു മാസമായിട്ടും പുനരധിവാസത്തിനു വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല. ഒടുവില്‍ ദുരന്ത ബാധിതര്‍ക്കു കോടതിയെ സമീപിക്കേണ്ടി വന്നു. ആറു മാസം കൊണ്ട് നടപടി സ്വീകരിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. യാതൊരു നടപടിയുമുണ്ടായില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച വീടുകള്‍ക്കു വേണ്ടി കാത്തിരുന്നവര്‍ക്ക് ക്യാംപുകളില്‍ തന്നെ വര്‍ഷങ്ങളോളം കഴിയേണ്ടി വന്നു. അതേസമയം, സന്നദ്ധ സംഘടനകള്‍ പ്രഖ്യാപിച്ച വീടുകളില്‍ ആളുകള്‍ക്ക് നേരത്തെ തന്നെ താമസം തുടങ്ങാനായി. ഇതിനെല്ലാം അപ്പുറം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി പലരും ജീവിതം തന്നെ വെറുത്തു.
ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ തൊട്ടുപിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രി രംഗത്തെത്തി. മൂന്നു ദിവസം മുന്‍പു വരെ ദുരിതാശ്വാസ നിധിയിലേക്ക് 54 കോടിയാണ് എത്തിയത്. ക്രൗഡ് ഫണ്ടിങ് നടത്താതെ ആയിരം കോടിയെന്ന ഭീമമായ തുകയിലേക്ക് എത്തിച്ചേരാനും സാധിക്കില്ല. ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. പ്രധാനമായും ഉയര്‍ന്ന ചോദ്യം പണം ചെലവഴിച്ചതിന്റെ കണക്കിനെ സംബന്ധിച്ചായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെങ്കിലും പണം വിനിയോഗിക്കുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ സഹായം നേരിട്ടു നല്‍കാം എന്നു പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തതിനെയും അദേഹം ചോദ്യം ചെയ്തു. ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ലോകായുക്ത കേസില്‍ വിധി പ്രതികൂലമാകുമോ എന്ന് ഭയന്ന് ലോകായുക്തയുടെ അധികാരം തന്നെ വെട്ടിക്കുറച്ച് നിയമം പാസ്സാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ ചര്‍ച്ചയായത്.
മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് ആഹ്വാനം ചെയ്യുകയും അവര്‍ പണം നല്‍കുകയും ചെയ്തു.
എന്തു ദുരന്തം സംഭവിച്ചാലും അപകടം സംഭവിച്ചാലും പത്ത് ലക്ഷത്തില്‍ കൂടുതല്‍ നല്‍കാന്‍ സര്‍ക്കാരിന് വകുപ്പില്ല. ചൂരല്‍മലയില്‍ തകര്‍ന്ന പല വീടുകളും 75 ലക്ഷത്തിലധികം മുടക്കുള്ളവയാണ്. സ്ഥലവും വാഹനങ്ങളുമുള്‍പ്പെടെ കണക്ക് കൂട്ടുമ്പോള്‍ ഒരു വ്യക്തിക്ക് തന്നെ കോടികളാണ് നഷ്ടം. അങ്ങനെയുള്ള ആള്‍ക്കാണ് 6 ലക്ഷം രൂപ സ്ഥലത്തിനും 4 ലക്ഷം രൂപ വീടിനുമായി അനുവദിക്കുന്നത്. ഈ തുക കൊണ്ട് ഒരാള്‍ക്കും സ്ഥലം വാങ്ങി വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നത് വ്യക്തമാണ്. സര്‍ക്കാരിന് ഇത്തരം നിരവധി പരിമിതികളും കാലാതാമസവും നിയമപ്രശ്‌നങ്ങളുമുണ്ട്. പല വകുപ്പുകളിലൂടെ ഫയല്‍ കയറിയിറങ്ങി വരുമ്പോളേക്കും വര്‍ഷം കുറേ കഴിയും. അതേസമയം, സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ പ്രശ്‌നമില്ല. ഒറ്റ വര്‍ഷത്തിനുള്ളില്‍ തന്നെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വീടും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിച്ചു നല്‍കേണ്ടത് സര്‍ക്കാരാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മുഴുവന്‍ രാഷ്രീയ പാര്‍ട്ടികളെയും സംയോജിചിപ്പിച്ച് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നാണ് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്നത് മാത്രമെ അഭിമാനത്തോടെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ. മറ്റുള്ളവയെല്ലാം ഔദാര്യമാകും. നികുതി പണത്തില്‍ അവരുടെ വിയര്‍പ്പിന്റെ അംശംകൂടിയുണ്ട് എന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കവളപ്പാറയിലേയും പുത്തുമലയിലേയും പുനരധിവാസം മറ്റൊരു ദുരന്ത ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുകയാണ്. ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം മുന്‍ ഉദാഹരണങ്ങളുടെ പകര്‍പ്പായി മാറരുതെന്ന ആവശ്യത്തിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍.
https://www.facebook.com/Malayalivartha


























