വളര്‍ത്തുനായ കടിച്ച് പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു...

വളര്‍ത്തുനായ കടിച്ച് പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു. നെടുമങ്ങാട് ചെന്തുപ്പൂര് ചരുവിളാകം അനു ഭവനില്‍ ജയ്നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പാണ് വളര്‍ത്തു നായ ജയ്നിയുടെ മകളെ കടിക്കുകയും ജയ്നിയുടെ കയ്യില്‍ മാന്തി പരിക്കേല്‍പ്പിച്ചതും.
മകള്‍ക്ക് അന്ന് തന്നെ വാക്സിന് എടുത്തു. നായ ഒരു മാസം കഴിഞ്ഞ് ചത്തു. എന്നാല്‍ തന്റെ കയ്യില്‍ നായ മാന്തിയത് ജയ്നി അവഗണിക്കുകയായിരുന്നു. ഇക്കാര്യം ആരോടും പറയാനോ വാക്സിന് എടുക്കാനോ തയ്യാറായില്ല.
മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വച്ച് പേ വിഷബാധ സ്ഥിരീകരിച്ചു.
തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്കരിച്ചു. നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന് നടത്തി.
വളര്‍ത്തു നായകള്‍ക്ക് വാക്സിന് എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്കി.
അതേസമയം ബംഗളൂരൂവില്‍ ശിവമൊഗ്ഗ ശിക്കാരിപുര തരളഘട്ടയില് വളര്‍ത്തുപൂച്ചയുടെ കടിയേറ്റ 50കാരിയായ വീട്ടമ്മ മരിച്ചു. രണ്ടു മാസം മുമ്പാണ് വീട്ടമ്മക്ക് കാലില്‍ പൂച്ചയുടെ കടിയേറ്റത്.ഇതിനു മുമ്പ് പ്രദേശത്തെ മറ്റൊരാളെയും പൂച്ച കടിച്ചിരുന്നു.
പൂച്ചക്ക് പേ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ വീട്ടമ്മക്ക് അഞ്ച് കുത്തിവെപ്പുകള്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ പൂച്ച ഒരു പട്ടിയേയും കടിച്ചിരുന്നു. പട്ടി പീന്നീട് ചത്തു. നായ്ക്കളില്‍നിന്ന് മാത്രമല്ല പൂച്ചകളില്‍ നിന്നും റാബിസ് വൈറസുകള്‍ മനുഷ്യനിലേക്ക് പകരുമെന്നും വളര്‍ത്തു മൃഗങ്ങളുള്ളവര്‍ സുക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍.
"
https://www.facebook.com/Malayalivartha


























