കാണാതായ അച്ഛനെ തെരയുന്ന മകൻ ;പൊട്ടിക്കരഞ്ഞ് മന്ത്രി

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് വയനാട് ദുരന്തമേഖലയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രൻ. ജനകീയ തിരച്ചിൽ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ആറു സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ക്യാംപിലുള്ളവരും തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. പ്രദേശവാസികൾ സ്വന്തം വീടിരുന്ന സ്ഥലത്തേക്കെത്തി അവശേഷിപ്പുകൾ പരിശോധിക്കുകയാണ്. ഇനിയും കണ്ടെത്താൻ സാധിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ സാധ്യതയുണ്ടോ എന്നും അവർ തിരയുന്നു. വീടുകളിൽ നിന്ന് വിലപ്പെട്ട രേഖകളും മറ്റുള്ളവയും സന്നദ്ധ പ്രവർത്തകർ കണ്ടെത്തുന്നുണ്ട്. ഉരുൾപൊട്ടലിൽ പെട്ട 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
മന്ത്രി എ.കെ.ശശീന്ദ്രനും ജനകീയ തിരച്ചിലിന്റെ ഭാഗമായി. വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഉണ്ടായന ഷ്ടത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് പറഞ്ഞ മന്ത്രി എ കെ ശശീന്ദ്രൻവികാരാധീതനായി. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു.
ഇവരോട് ഞാൻ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവർക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആർക്കാണ് പറയാൻ കഴിയുക.
എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവർത്തനങ്ങളും അവർക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയർലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ അന്ന് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഔദ്യോഗിക കണക്കുകളിൽ മരണം 229 ആയി. 400ലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
https://www.facebook.com/Malayalivartha


























