ശബരിമല നട തുറന്നു ... നിറപുത്തരി ഇന്ന്

നിറപുത്തരി ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങിവന്ന് ഹോമകുണ്ഡത്തില്‍ അഗ്നി തെളിച്ചു.ഭക്തരെത്തിച്ച നെല്‍ക്കതിരുകള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആഘോഷപൂര്‍വം കിഴക്കേ മണ്ഡപത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 3.50ന് ദേവനെ പള്ളിയുണര്‍ത്തി. 4ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തി.
തീര്‍ത്ഥം തളിച്ച് ശുദ്ധിയാക്കിയ നെല്‍ക്കതിരുകളുമായി ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി 5.45നും 6.30നും മദ്ധ്യേ പൂജനടത്തി.ദേവചൈതന്യം നിറച്ച നെല്‍ക്കതിരുകള്‍ സോപാനത്ത് കെട്ടിയശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങി. രാത്രി 10ന് നടയടയ്ക്കുന്നതാണ്.
https://www.facebook.com/Malayalivartha


























