മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാം; തകരുമോ..? വിദഗ്ധർ പറയുന്നു...
കേരളത്തിലെ അതിതീവ്രമഴയും വയനാട് ഉരുൾപൊട്ടലിന്റെ ഭീകരതയും മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി ആശങ്കയുയർത്തുന്നതിനിടെയാണ് തുംഗഭദ്ര ഡാമിന്റെ ഷട്ടർ തകർന്നിരിക്കുന്നത്. കോൺക്രീറ്റില്ലാതെ നിർമിച്ച രാജ്യത്തെ രണ്ട് വലിയ അണക്കെട്ടുകളാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും. ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന സുർക്കി ഉപയോഗിച്ചാണ് രണ്ടും നിർമിച്ചത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാമാണ്. അടിയിൽ വീതി വളരെ കൂടുതലും മുകളിലേക്കു വീതികുറഞ്ഞും വരുന്ന രീതിയിൽ നിർമിച്ച ഭാരാശ്രിത ഡാമാണിത്.
വെള്ളം കെട്ടിനിൽക്കുന്ന ഭാഗം കുത്തനെയും മറുഭാഗം ചെരിഞ്ഞുമാണ്. ഡാമിന്റെ വലിയ ഭാരത്തെ തള്ളിമാറ്റാൻ മറുഭാഗത്തെ വെള്ളത്തിന്റെ കുറഞ്ഞ ബലത്തിന് കഴിയില്ലെന്ന ഫിസിക്സിലെ തത്ത്വമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. 129 വർഷംമുൻപ് ഡാം പണിയുമ്പോൾ സിമന്റ് ഉപയോഗത്തിലില്ലാതിരുന്നതിനാലാണ് പകരം ചുണ്ണാമ്പ് ഉപയോഗിച്ചത്. ഇത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചുപോയി പാറകളുടെ പരസ്പരബന്ധം നഷ്ടപ്പെടാം. പാറകൾ ഇളകിപ്പോകാം. പാറയും ചുണ്ണാമ്പും നഷ്ടപ്പെട്ട് ഡാമിന്റെ ഭാരംകുറഞ്ഞാൽ വെള്ളം അതിനെ തള്ളിമാറ്റിയേക്കാം.
എന്നാൽ വെള്ളത്തിന്റെ തള്ളൽ ബലം ഡാമിനെ തകർക്കാതിരിക്കാനും പാറകൾ ഇളകാതിരിക്കാനും കോൺക്രീറ്റുപയോഗിച്ച് ബലപ്പെടുത്തി. അതിലൂടെ ഡാമിന്റെ ഭാരവും കൂടി. എന്നാണ് മറുവാദം. ഭൂമികുലുക്കംകാരണം മുല്ലപ്പെരിയാർ തകർന്നാൽ ഒറ്റയടിക്ക് ഇടുക്കി ഡാമിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തുമെന്നും ആ സമ്മർദത്തിൽ ഇടുക്കി ആർച്ച് ഡാം തകരുമെന്നുമാണ് ആശങ്ക. ആർച്ച് ഡാമിന് ഷട്ടറുകളില്ല. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിനാണ് അഞ്ചുഷട്ടറുള്ളത്. അതെല്ലാം തുറന്നാലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളത്തെ മുഴുവൻ ഒഴുക്കിക്കളയാനാവില്ല. അതിനാൽ, ആർച്ച് ഡാം തകർന്ന് പെരിയാറിന്റെ കരകളെ വെള്ളം തകർത്തെറിയുമെന്നാണ് ആശങ്ക.
മുല്ലപ്പെരിയാർ ഡാമിന്റെ ഘടന തകർന്നാലും വലിയൊരു കൽക്കൂമ്പാരമായി അത് അവശേഷിക്കുമെന്നാണ് ഇതിനുള്ള മറുപടിയായി പറയുന്നത്. അതിനാൽ, വെള്ളം ഒറ്റയടിക്ക് കുതിച്ചൊഴുകില്ല. ഇടുക്കി ഡാമിന് ഒറ്റയടിക്ക് അമിത സമ്മർദം നേരിടേണ്ടിവരില്ല. മുല്ലപ്പെരിയാറിന് തീരെ സുരക്ഷാഭീഷണിയില്ലെന്ന് എല്ലാ വിദഗ്ധരും ഒരുപോലെ പറയുന്നില്ല. അതിനിടെ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം ചേരും.
ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha