ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം... യുക്രൈന് സൈന്യം റഷ്യയ്ക്കുള്ളില്‍ ഇരമ്പിക്കയറി

റഷ്യന്‍ യുക്രൈന് യുദ്ധത്തിനിടെ റഷ്യയ്ക്ക് ശക്തമായ തിരിച്ചടി. റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ കുര്‍സ്ക് മേഖലയില്‍ ഈ മാസം ആറിന് ആരംഭിച്ച കരയധിനിവേശം യുക്രൈന് സൈന്യം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിച്ചു. ബെല്‍ഗൊരോദ് മേഖലയില്‍ യുക്രൈന് കരസേന എത്തി. ഇതോടെ, ബുധനാഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കുര്‍സ്കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. 5000 കുട്ടികളെ സുരക്ഷിതരായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും അറിയിച്ചു.
കഴിഞ്ഞദിവസം ഇവിടെനിന്ന് 11,000 പേര് പലായനം ചെയ്തിരുന്നു. റഷ്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കുര്ക്സില്നിന്ന് യുക്രൈനിലേക്ക് മിസൈലാക്രമണം നടത്തുന്നത് നിര്‍ത്താന്‍ റഷ്യയെ നിര്‍ബന്ധിതരാക്കുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യുക്രൈന് വിദേശകാര്യവക്താവ് പറഞ്ഞു.
2022-ല്‍ യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് റഷ്യന്‍ മണ്ണില്‍ യുക്രൈന് സൈന്യം കടക്കുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷം റഷ്യയ്ക്കുനേരേയുണ്ടാകുന്ന ഏറ്റവും വലിയ കരഅധിനിവേശമാണിതെന്നും 10000-ലേറെ യുക്രൈന് സൈനികര്‍ അതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച കുര്‍ക്സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുര്‍ക്സ് മേഖലയിലെ 74-ഓളം ജനവാസകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും റഷ്യയുടെ 1000 ചതുരശ്രകിലോമീറ്റര്‍ അതിര്‍ത്തിപ്രദേശം പിടിച്ചെടുത്തെന്നും യുക്രൈന് അവകാശപ്പെടുന്നു.
യുക്രൈന് ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ബ്രയാന്‍സ്ക്, ബെല്‍ഗൊരോദ്, കുര്‍ക്സ് തുടങ്ങിയ അതിര്ത്തിപ്രദേശങ്ങളില്ക്കഴിയുന്ന വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് മോസ്കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ജാഗ്രതാനിര്‍ദേശം നല്കി.
അതേസമയം ഗാസയില്‍ നിന്നും മറ്റൊരു ദുരന്ത വാര്‍ത്ത എത്തുന്നു. അച്ഛന് ജനന സര്‍ട്ടിഫിക്കറ്റിനു പോയപ്പോള്‍ വ്യോമാക്രമണം. ഗാസയില്‍ 4 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൊല്ലപ്പെട്ടു.
ആ ഫോണ്‍വിളി എത്തുന്നതുവരെ ആഹ്ലാദത്തിലായിരുന്നു മുഹമ്മദ് അബു അല്‍ ഖുമ്സാന് (31). യുദ്ധക്കെടുതികളില്‍ നീറുമ്പോഴും വീടു വിട്ട് മറ്റൊരിടത്ത് അഭയം തേടുമ്പോഴും നിരാശയിലാണ്ട ജീവിതം ഇരട്ടിയായി തിളങ്ങാന്‍ തുടങ്ങിയിരുന്നു. 4 ദിവസം മുന്‍പ് അസ്സര്‍, അയ്സല്‍ എന്നീ ഇരട്ടക്കുട്ടികള്‍ പിറന്നതിന്റെ സന്തോഷത്തിലായിരുന്നു ഖുമ്സാനും കുടുംബവും.
കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് അയല്പക്കത്തുനിന്ന് ഫോണ്‍വിളിയെത്തിയത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഭാര്യയും ഇരട്ടക്കുട്ടികളും ഭാര്യാമാതാവും കൊല്ലപ്പെട്ടെന്ന് അറിഞ്ഞതും ഖുമ്സാന്റെ ശരീരം വിറച്ചു. കൈകളില്‍ അപ്പോഴും ആ ജനന സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ് കുഞ്ഞുങ്ങളെ മോര്‍ച്ചറിയിലേക്ക് എത്തിച്ചപ്പോള്‍ ഖുമ്സാന് വാവിട്ടു കരഞ്ഞു. പ്രാര്‍ഥനകള്‍ക്കിടെ ആ കുഞ്ഞുങ്ങള്‍ ആദ്യമായി കാറില്‍ കയറി; അതു കബറിടത്തിലേക്കുള്ളതായിരുന്നു. മനസ്സ് മരവിച്ചു ഗാസ നിത്യവും കാണുന്ന മറ്റൊരു കണ്ണീര്‍ചിത്രം.
a
https://www.facebook.com/Malayalivartha

























