മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സത്യമാണോ? ഊഹാപോഹങ്ങളും വെളിപ്പെടുത്തലുകളും ആശങ്കകളും...

കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിലെ അന്വേഷണം പലഘട്ടങ്ങളിലും അന്വേഷണ സംഘത്തെപ്പോലും വഴിതെറ്റിക്കുന്ന ട്വിസ്റ്റുകളിലേയ്ക്കാണ് വഴുതിപ്പോകുന്നത്. കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22 നു ബന്ധുവീട്ടിലേയ്‌ക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയിൽ നിന്നു മുണ്ടക്കയം ബസിൽ കയറിയതായി പൊലീസ് കണ്ടെത്തി. അവിടെ നിന്ന് ആരംഭിച്ച അന്വേഷണം ഊഹാപോഹങ്ങളും വെളിപ്പെടുത്തലുകളും ആശങ്കകളും ഒക്കെയായി ആറ് വർഷം പിന്നിടുകയാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതുകഴിഞ്ഞു സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും ചർച്ചയാകുന്നത്.
മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സത്യമാണോ, ആണെങ്കിൽ ഇവിടെയെത്തിയ ജെസ്ന പിന്നീട് എവിടേക്കു പോയി തുടങ്ങിയ കാര്യങ്ങളാണ് സിബിഐ സംഘം പ്രധാനമായും ഇനി അന്വേഷിക്കുക. ജീവനക്കാരിയെയും ലോഡ്ജ് ഉടമയെയും സിബിഐ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൂന്നു വർഷം മുൻപ് ഇതേ വെളിപ്പെടുത്തൽ ജെസ്ന കേസിൽ അന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തോടും ലോഡ്ജിലെ മുൻ ജീവനക്കാരി നടത്തിയിരുന്നു. അന്ന് ക്രൈംബ്രാഞ്ച് സംഘം ലോഡ്ജിൽ എത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ലോഡ്ജിലും പരിസരങ്ങളിലും 2018ൽ സിസിടിവി ക്യാമറകൾ കുറവായിരുന്നു. അതിനാൽ അന്വേഷണത്തിനു സഹായകമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചതുമില്ല.
മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ലോഡ്ജ്. വ്യാപാരസ്ഥാപനങ്ങൾ ഇരുവശവും നിറഞ്ഞ ചെറിയ ഇടനാഴി കടന്നാലാണ് ഈ സ്ഥാപനം. ഇവിടെ നിന്നു പടികയറി രണ്ടാം നിലയിലെ 102–ാം നമ്പർ മുറിയിലെത്താം. മുറിക്കു പുറത്ത് ജെസ്നയോടു രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടുവെന്നാണ് കഴിഞ്ഞ ദിവസം ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. പെൺകുട്ടി ചിരിച്ചപ്പോൾ പല്ലുകളിൽ കമ്പി ഇട്ടിരുന്നതു വ്യക്തമായി കണ്ടെന്നും പിന്നീട് പത്രത്തിൽ ജെസ്നയുടെ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞതെന്നുമായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ലോഡ്ജിലെ ജോലിയിൽ നിന്ന് ഈ ജീവനക്കാരിയെ പിരിച്ചുവിട്ടതിലെ പക തീർക്കാൻ നുണപ്രചാരണം നടത്തുകയാണെന്നു ലോഡ്ജ് ഉടമ പറയുന്നു.ക്രൈംബ്രാഞ്ചിനോട് നേരത്തേ പറഞ്ഞിരുന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതിനു പിന്നിൽ ലോഡ്ജ് ഉടമയുമായുള്ള വ്യക്തിവൈരാഗ്യം മാത്രമോ? അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നു.
ജെസ്‌നയെ സംബന്ധിച്ച് പല രഹസ്യ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയം – എരുമേലി റൂട്ടിൽ പുലിക്കുന്നിൽ പ്രധാന റോഡിൽ നിന്നു മൺറോഡിലൂടെ നടന്നാൽ റബർത്തോട്ടത്തിനു നടുവിൽ ഒറ്റമുറി വീട് കാണാം, ആ വീട്ടിൽ എത്തിച്ച് പെൺകുട്ടിയെ നാലു യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി. വീടിനു സമീപം തെങ്ങിനു ചുവട്ടിൽ ഇളകിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്താൽ മൃതദേഹം കിട്ടും. ജെസ്നയുടെ ഒരു മോതിരം തെളിവായി ഒറ്റമുറി വീടിനുള്ളിൽ കിടപ്പുണ്ട് ’ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഒരാൾ ചെന്നൈയിൽ നിന്നു പൊലീസിനു കൈമാറിയതായിരുന്നു ഈ വിവരം.
‘തന്റെ മകൻ പ്രവചിച്ചതാണ്’ എന്നും അയാൾ പറഞ്ഞു. ആ സ്ഥലവും വീടും ഒക്കെ കൃത്യമായി ഉണ്ടായിരുന്നെങ്കിലും പറഞ്ഞതു പോലെയുള്ള ഒന്നും കണ്ടെത്താനായില്ല. ജെസ്നയുടെ തിരോധാനത്തെത്തുടർന്ന് മുണ്ടക്കയം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും അവയിലൊന്നും കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നുവെന്നുമാണു പൊലീസിന്റെ നിലപാട്.
ഒരിക്കൽ തങ്ങൾ തള്ളിക്കളഞ്ഞ മൊഴി ലോഡ്ജ് ജീവനക്കാരി ഇപ്പോൾ വീണ്ടും പറഞ്ഞതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടോ എന്നാണു പൊലീസും അന്വേഷിക്കുന്നുണ്ട്. മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് ജയിംസ് നൽകിയ പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ജെസ്‌ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. ആകെയുള്ള പിടിവള്ളി സിസിടിവി ദൃശ്യങ്ങളായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. വെച്ചൂച്ചിറ പൊലീസിനു ശേഷം പെരുനാട് പൊലീസും കേസ് അന്വേഷിച്ചു തുമ്പില്ലാതെ മടക്കി.
https://www.facebook.com/Malayalivartha
























