ജെസ്‌ന തിരോധാന കേസില്‍ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി സി ബി ഐയ്ക്ക് മുമ്പിൽ...

ജെസ്‌ന തിരോധാന കേസില്‍ ലോഡ്ജ് ഉടമയുടെ നിർണായക മൊഴി ശേഖരിച്ച സി ബി ഐയ്ക്ക് മുമ്പിൽ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി ഹാജരായി. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവരുമായി ഫോണില്‍ സംസാരിച്ച സി ബി ഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ലോഡ്ജില്‍ വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ജീവനക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അന്ന് ലോഡ്ജില്‍ ഒരു ചെറുപ്പക്കാരന്‍ ജെസ്നക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. എന്നാല്‍, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെന്നുമാണ് ലോഡ്ജുടമ ബിജു സേവ്യര്‍ പ്രതികരിച്ചത്. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്‌നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
കേസ് അട്ടിമറിക്കാൻ തിരോധാനവുമായി ബന്ധമുള്ളവർ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു ജസ്നയുടെ പിതാവ് ജെയിംസ് ജോസഫിൻ്റെ ആരോപണം. മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടത് തൻ്റെ മകളയെല്ല. സിസിടിവി ദൃശ്യം നേരത്തേ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് തൻ്റെ മകളല്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്. 'സംശയം പ്രകടിപ്പിച്ച വനിത തന്നെ ഒരു മാസം മുമ്പ് വിളിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് അന്ന് പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചു. സിബിഐയ്ക്കും ഇതേ സിസിടിവി ദൃശ്യം കൈമാറിയിരുന്നു. സിസിടിവി ദൃശ്യത്തിലുളളത് തൻ്റെ മകളല്ലെന്ന് പൊലീസിനും സിബിഐയ്ക്കും വ്യക്തമായിരുന്നു. നിലവിലെ സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ട്. ലോഡ്ജുടമയും വെളിപ്പെടുത്തൽ നടത്തിയ വനിതയും തമ്മിൽ തർക്കമുണ്ടെന്നറിയാമെന്നു'മായിരുന്നു ജെയിംസ് ജോസഫിൻ്റെ പ്രതികരണം.
ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്ജുടമയും രംഗത്തെത്തിയിരുന്നു. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പ്രതികരിച്ചു.
'ജാതിപ്പേര് വിളിച്ചെന്നും പറഞ്ഞ് എനിക്കെതിരെ അവര്‍ കേസ് കൊടുത്തിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നില്‍. ഞാന്‍ കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ജസ്‌ന എന്നു പറഞ്ഞയാള്‍ ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഇല്ല. നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ചിരുന്നു. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ എന്നെ തീര്‍ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞത്. ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് എനിക്കെതിരെ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ഇറക്കി വിട്ടത്.' ലോഡ്ജുടമ പ്രതികരിച്ചു.
ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായാണ് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 'ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്. 103-ാം നമ്പര്‍ റൂം ആണ് എടുത്തത്', മുന്‍ ജീവനക്കാരി പറയുന്നു. ലോഡ്ജുടമ തന്നെ അടിച്ചിറക്കി വിടുകയും മോശം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാവുന്നതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























