മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ജലനിരപ്പ് വർധിച്ചു...

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയിൽ അരയടിയോളം ജലനിരപ്പ് വർധിച്ചു. ബുധനാഴ്‌ച രാവിലെ ആറിന് 129.05 അടിയെത്തി. തലേദിവസം ജലനിരപ്പ് 128.60 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1229 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 105 ഘനയടി വീതം വെള്ളം കൊണ്ടു പോയി. അണക്കെട്ട് പ്രദേശത്ത് 58 മില്ലീമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും കുമളിയിൽ നാല് മില്ലിമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 64.63 അടി വെള്ളം ഉണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് ആശങ്കയാകുന്നുണ്ട് എന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ പ്രതികരിച്ചിരുന്നു. ഈ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിന് സുരക്ഷാ, തമിഴ്നാടിന് വെള്ളം, പുതിയ ഡാം നിർമ്മിക്കുക എന്നതാണ് തത്വത്തിൽ ഏവരും അംഗീകരിച്ചത്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ ഭീഷണിയിലാണെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. മുല്ലപ്പെരിയാറിലുള്ള സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നത്, കേന്ദ്രമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ പറഞ്ഞു.
സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെല്‍വപെരുന്തഗൈ ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ഭീതിയായി നിലനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടിഎന്‍സിസി പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെയും രാഷ്ടീയപാര്‍ട്ടികളുടെയും നിലപാടെന്നും അദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























