സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത...അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്...കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നും എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത.ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിന് സമീപം വടക്കു കിഴക്കൻ അറബിക്കടലിലും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 24ഓടെ വടക്കൻ ബംഗാളിൽ പുതിയ ചക്രവാതച്ചുഴിയും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 25-ാം തീയതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഓഗസ്റ്റ് 25-ാം തീയതി കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കള്ളക്കടൽ പ്രതിഭാസവും തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രതയും ആവശ്യമാണ്.
ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 08:30 മുതൽ നാളെ രാത്രി 11:30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുംകള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























