ഹേമ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കുന്നത് സർക്കാർ : വി.മുരളീധരൻ

ഇരകൾക്ക് ഒപ്പമെന്ന് വരുത്തിതീർത്തി വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പിണറായി വിജയൻ സർക്കാർ കൈക്കൊള്ളുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. വിവരാവകാശ കമ്മിഷൻ നിർദേശം മറയാക്കി മുഴുവൻ ഭാഗങ്ങളും പുറത്തുവിടാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ലൈംഗിക കുറ്റവാളികളെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയവരെ സംരക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താരസംഘടന സ്വാഗതം ചെയ്ത് സാഹചര്യത്തിൽ തുടർനടപടികളിലേക്ക് സർക്കാർ നീങ്ങണം.
സ്ത്രീ സുരക്ഷ ഉയർത്തികാട്ടി 2016 ൽ അധികാരത്തിൽ വന്നവരാണ് ഇടതുപക്ഷം. അവർ തന്നെ സ്ത്രീകൾക്ക് മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം നിഷേധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. മണ്ടൻ പ്രസ്താവന നടത്തി സാംസ്കാരിക വകുപ്പ് മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കരുത്. തൊടുന്യായം പറഞ്ഞ് ഒഴിയേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
സർക്കാരിനോട് ചേർന്ന് നിൽക്കുന്നവരെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയോണാ ഈ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. കോടതിയുടെ മുന്നിലാണ്, ഉദ്യോഗസ്ഥർ നിർദേശം നൽകി തുടങ്ങിയ വാദം പറഞ്ഞ് സജി ചെറിയാൻ പൊട്ടൻ കളിക്കരുതെന്നും അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ യാതൊരു അർഹതയുമില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
സ്വന്തം സംഘടനയിൽപ്പെട്ടവരുടെ ദുരവസ്ഥപോലും അറിയില്ലെന്ന് വാർത്താസമ്മേളനം നടത്തുന്നവർ പിന്നെന്തിനാണ് സംഘടന കൊണ്ടുനടക്കുന്നതെന്നും അമ്മയുടെ വാർത്താസമ്മേളനത്തോടുള്ള ചോദ്യത്തിൽ വി.മുരളീധരൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























