മാസപ്പടി ആരോപണത്തില്‍ സി.എം.ആര്.എല്ലിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി....

മാസപ്പടി ആരോപണത്തില്‍ സി.എം.ആര്.എല്ലിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി.... കേസില്‍ സി.എം.ആര്.എല്‍ ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സിലെ മൂന്ന് ഡയറക്ടര്‍മാര്‍ അടക്കം എട്ടുപേരുടെ അറസ്റ്റ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് തടഞ്ഞു.
അറസ്റ്റ് ഉള്‍പ്പെടെ കടുത്ത നടപടികള്‍ വേണ്ടെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എട്ടുപേരും ആഗസ്റ്റ് 28,29 തീയതികളില്‍ ചെന്നൈയിലെ ഓഫീസില്‍ രേഖകളുമായി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) സമന്‍സ് കൈമാറിയിട്ടുണ്ടായിരുന്നു. സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എട്ടുപേരും സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി ഇന്നലെ പരിഗണനയിലെടുത്തത്.
അന്വേഷണവുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.എം.ആര്.എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ .കമ്പനിയുടെ ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സിലെ ഡയറക്ടര്‍മാര്‍ക്കാണ് എസ്.എഫ്.ഐ.ഒയുടെ സമന്‍സ്.
ഇ.ഡിയുടെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആര്.എല്‍ സമര്‍പ്പിച്ച ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെയാണ് സമന്‍സിനെതിരെയുള്ള പുതിയ ഹര്‍ജി.
ഈ ഹര്‍ജികളില്‍ അന്തിമതീര്പ്പുണ്ടാകുന്നതു വരെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് സി.എം.ആര്.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതി എസ്.എഫ്.ഐ.ഒയുടെ നിലപാട് തേടി. ആഗസ്റ്റ് 30ന് വിഷയം വീണ്ടും പരിഗണനയിലെടുക്കും.
https://www.facebook.com/Malayalivartha
























