അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം.... മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം.... മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒഡിഷ സുങ്കര്‍ സ്വദേശി ഗൗഡ സാഹിയില്‍ പത്മനാഭ ഗൗഡ (31) ആണ് മരിച്ചത്. സംഭവത്തില്‍ ഒഡിഷ സുങ്കര്‍ സ്വദേശി ഭക്താറാം ഗൗഡയെ (29) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 15ന് രാത്രി ഒമ്പതോടെ കുന്നംകുളം ബൈജു റോഡില്‍ മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എറണാകുളത്ത് സ്വകാര്യ ഭക്ഷണവിതരണ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന പത്മനാഭ ഗൗഡ അറസ്റ്റിലായ പ്രതി ഭക്താറാം ഗൗഡയും സുഹൃത്തുക്കളും താമസിക്കുന്ന മുറിയില്‍ സംഭവദിവസം വൈകുന്നേരത്തോടെയാണ് എത്തിയത്. മദ്യം കഴിച്ചശേഷമുണ്ടായ വാക്കുതര്‍ക്കത്തിനിടെ പത്മനാഭ ഗൗഡയെ പ്രതി കൈകൊണ്ട് തലക്കും മുഖത്തും ഇടിച്ച് പരിക്കേല്പിച്ചു.
ബോധരഹിതനായി മുറിയില്‍ കിടന്ന പത്മനാഭ ഗൗഡയെ പിറ്റേന്ന് വായില്‍ നിന്ന് നുരയും പതയും രക്തവും വന്ന നിലയിലാണ് കണ്ടത്. ഉടനെ പ്രതി മറ്റു പലരുടെയും സഹായത്തോടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കുളിമുറിയില്‍ കാല് വഴുതി വീണതാണെന്നാണ് പ്രതി ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചത്. ഇതിനിടെ പത്മനാഭ ഗൗഡയുടെ ബന്ധുക്കളെ പ്രതിതന്നെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശോധനയില്‍ വീണതല്ലെന്നും മര്‍ദനമേറ്റതാണെന്നും വ്യക്തമായതായി ഡോക്ടര്‍മാര്‍ ബന്ധുക്കളോട് വ്യക്തമാക്കി. ഇതോടെ ബന്ധുക്കള്‍ പ്രതിയെ വിളിച്ച് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. പൊലീസ് വധശ്രമത്തിന് കേസെടുത്ത് ഭക്താറാം ഗൗഡയെ അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha
























