വീണയെ കുരുക്കാൻ അമിത് ഷാ... സെപ്റ്റംബർ 25 നിർണായകം സമൻസ് ക്ലിഫ് ഹൗസിലേക്ക്

മുഖ്യമന്ത്രിയുടെ മകളെ ചട്ടിയിലാക്കാൻ അമിത് ഷാ നേരിട്ട് ഇറങ്ങുന്നു. സെപ്റ്റംബർ 25 നകം ടി. വീണ ഉൾപെടെയുള്ള മാസപ്പടികേസിലെ പ്രതികളെ ചോദ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം.മുമ്പ് നൽകിയ സമയത്തിൽ നിന്നും ഒരു മിനിറ്റ് പോലും നീട്ടി നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം എസ്.എഫ്. ഐ ഒ ക്ക്
നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് വീണ്ടും സമൻസ് അയച്ചത് ഈ സാഹചര്യത്തിലാണ്. ഈ മാസം 28, 29 തീയതികളിൽ ചെന്നൈയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് അറസ്റ്റ് തടഞ്ഞു. .
നേരത്തെ പത്ത് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു എസ്.എഫ്.ഐ.ഒക്ക് ഹൈകോടതി നൽകിയ നിർദേശം. ഇതിൽ ഒരു മാസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇക്കാലയളവിൽ നിരവധിപേരെ വിളിപ്പിക്കുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. നിലവിൽവന്ന സമൻസ് അറസ്റ്റിനു മുന്നോടിയായുള്ളതാണോ എന്ന സംശയത്തിലാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്. കോടതി നിർദേശം തുടർനടപടികളിൽ നിർണായകമാകും.
കേസുമായി ബന്ധപ്പെട്ട് ടി. വീണക്ക് സമൻസ് നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ സമൻസ് നൽകാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ശശിധരൻ കർത്തയുടെ കമ്പനിയായ സി.എം.ആർ.എൽ 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയതാണ് രാഷ്രടീയവിവാദങ്ങൾക്ക് കാരണമായത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നുമുള്ള ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും വിവാദം ശക്തമാക്കി.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു. പിണറായി വിജയൻ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സംഭവമെല്ലാം സത്യമാണെന്ന് കോടതി ഉത്തരവിൽ നിന്നു തന്നെ മനസിലാക്കാം.
അമിത് ഷായുമായി യാതൊരു നീക്കും പോക്കും പിണറായിക്കില്ല. അതാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധി. പ്രധാനമന്ത്രിക്ക് പോലും ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ല. പ്രധാനമന്ത്രിയുമായി ചില ഇടപെടലുകൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവത്തിൽ എം.എല്‍.എ. മാത്യു കുഴല്‍നാടനാണ് ഗോളടിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു മാസപടി വിവാദം. കോൺഗ്രസ് എം.എൽ എമാർ പോലും മാത്യുവിന് പിന്തുണ നൽകിയില്ല. പ്രതിപക്ഷ നേതാവും ഉപ നേതാക്കളും മാത്യുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് മാത്യുവിന് പിന്തുണ നൽകിയത്. അദ്ദേഹം സഭയില്‍ വിഷയം ഉന്നയിച്ചു. മാസപ്പടി ആരോപണം കത്തിപ്പടര്‍ന്നു. എന്നാല്‍ അതിനിടെ സി.എം.ആര്‍.എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ് കണ്ടെത്തുകയും റിപ്പോര്‍ട്ട് പുറത്തെത്തുകയും ചെയ്തു. എന്നാല്‍ വീണയെ തുണയ്ക്കുന്ന നിലപാടായിരുന്നു സി.പി.എം. സ്വീകരിച്ചത്. സി പി എം പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പ്രചരിപ്പിക്കുമെങ്കിലും അതല്ല വാസ്തവം.
സി.എം.ആര്‍.എലും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും രണ്ട് കമ്പനികള്‍ എന്ന നിലയില്‍ നിയമപരമായി സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് പണം നല്‍കിയത്. ഇതാണ് സി പി എംവിശദീകരണം. കരാര്‍ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം നടന്നത് ബാങ്ക് മുഖേനയാണ്. ഇതില്‍ തട്ടിപ്പുകളില്ല. സി.എം.ആര്‍.എല്‍. എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.എന്നാൽ പാർട്ടിയുടെ വാദം പതിവുപോലെ തെറ്റായിരുന്നു.
എന്നാല്‍ സുതാര്യമായ പണമിടപാടും നിയമപരമായ കരാറും എന്ന വാദത്തെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റേതായി പുറത്തുവന്നത്.
സേവനകരാറിന്റെ മറവില്‍നടന്നത് കള്ളപ്പണം വെളിപ്പിക്കലാണ്. ഇതില്‍ അഴിമതിയുമുണ്ട്. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തേണ്ടതുണ്ട്. കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയോടെയാവണം. ആ തീരുമാനത്തിന് ഒപ്പ് അടക്കമുള്ള മിനിറ്റ്സ് ഉണ്ടാവണം. എക്‌സാലോജിക്കുമായുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് കെ.എം.എം.എലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിഞ്ഞിരുന്നില്ല.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖയോ, പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. സാമ്പത്തിക നേട്ടത്തിന് കമ്പനിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇവിടെയാണ് മുഖ്യമന്ത്രി സ്റ്റേജിലേക്ക് കയറുന്നത്. വീണയെ ഒരു കമ്പനി നിരുപാധികം സഹായിക്കുന്നത് എന്തിനാണ്? വീണയുടെ സ്ഥാനത്ത് ഒരു സാധാരണ വീട്ടമ്മയാണെങ്കിൽ അല്ലെങ്കിൽ ഒരു കമ്പനി ഉടമയാണെങ്കിൽ ഇതു പോലൊരു സഹായം ലഭിക്കുമായിരുന്നോ?ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകും. ആർക്കും തോന്നുന്ന ഇതേ സംശയം കോടതിക്കും തോന്നി എന്നിടത്താണ് വീണ തോറ്റത്.
പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് നല്‍കിയ പണത്തിന് ജി.എസ്.ടി. അടച്ചതിന്റെ വിവരങ്ങള്‍ മാത്രമാണ് എക്‌സാലോജിക്ക് കൈമാറിയത്.- എന്നിങ്ങനെ ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍.
ഇതോടെ, വീണയുടെ കമ്പനി നല്‍കിയ സേവനം എന്താണ്?
ആര്‍.ഒ.സി.യുടെ അന്വേഷണത്തില്‍ വീണയ്ക്ക് രേഖകള്‍ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞില്ല. സി.എം.ആര്‍.എല്‍. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയുമുണ്ട്. ഇത്തരം കരാറില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും കെ.എസ്.ഐ.ഡി.സി. ഒരു നടപടിയും എടുത്തില്ല.
കരിമണല്‍ കമ്പനി വീണയ്ക്ക് പണം നല്‍കിയത് അഴിമതിയുടെ പരിധിയില്‍ വരുന്നതാണെങ്കില്‍, എന്ത് അഴിമതിയാണ് നടന്നിട്ടുള്ളത്?ഇതെല്ലാം ചോദ്യങ്ങളായി അവശേഷിക്കുന്നു.
ഇതിനിടെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങുന്നത് . 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പ് പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്നുമാണ് വീണ കര്‍ണാടക കോടതിയില്‍ ബോധിപ്പിച്ചത്. 212-ാം വകുപ്പ് യു.എ.പി.എ. വകുപ്പിന് സമാനമാണ്. സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതിനടന്ന കേസിനാണത് ഉപയോഗിക്കുക. എക്സാലോജിക് കേസ് അങ്ങനെയല്ല. 1.72 കോടി രൂപ മുന്‍നിര്‍ത്തിയാണ് ആരോപണം. ഇതില്‍ 'സീരിയസ് ഫ്രോഡ്' എന്ന് പറയാന്‍ ഒന്നുമില്ല. സി.എം.ആര്‍.എല്‍. എന്ന കമ്പനിക്ക് സോഫ്റ്റ് വെയർ സേവനം നല്‍കിയതിന് രേഖയില്ലെന്നതു മാത്രമാണ് ആരോപണമെന്നും വീണയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി. ദത്താര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം ഒരു വാദം ഉനയിക്കുമ്പോൾ താൻ മുഖ്യമന്ത്രിയുടെ മകളാണെന്ന കാര്യം വീണ മറന്നു.
അതേസമയം, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോര്‍ട്ടുണ്ടെന്നും അതാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു എസ്.എഫ്.ഐ.ഒ.യ്ക്കും കമ്പനികാര്യ മന്ത്രാലയത്തിനുംവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. അരവിന്ദ് കമ്മത്ത് വാദിച്ചത്. 'മള്‍ട്ടി ഡിസിപ്ലിനറി' അന്വേഷണ ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ.യെന്നും അതിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. 1.72 കോടി രൂപ സോഫ്റ്റ് വെയർ സേവനക്കരാറിന്റെ പേരില്‍ എക്സാലോജിക്കിന് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്‍. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് 135 കോടി രൂപ നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിനുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടതിനാല്‍ അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറാമെന്നും അദ്ദേഹം വാദിച്ചിരുന്നു.ഇതാണ് കോടതി സമ്മതിച്ചിരിക്കുന്നത്.
വീണ ഒരു സാധാരണക്കാരിയായിരുന്നെങ്കിൽ ഇതിലൊന്നും സംഭവിക്കുമായിരുന്നില്ല. അവർ മുഖ്യമന്ത്രിയുടെ മകളായതാണ് വിഷയം . ഏതായാലും കർണാടക കോടതിയെ സമീപിക്കാനുള്ള വീണയുടെ തീരുമാനം അപക്വമായിരുന്നു. കേരള ഹൈക്കോടതിയിൽ കെ. എസ്.ഐ. ഡി.സി.ക്ക് തിരിച്ചടി കിട്ടിയപ്പോൾ തന്നെ വീണ അക്കാര്യം മനസിലാക്കണമായിരുന്നു. എന്നാൽ കേരളത്തിലുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെയല്ല കർണാടക കോടതിയിലെ ജഡ്ജിമാരെന്ന് വീണ തെറ്റിദ്ധരിച്ചു.
ഹർജി പരിഗണിക്കവെ എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് പണം നൽകുന്ന സ്ഥാപനമാണെന്നും അന്വേഷണം വിശ്വാസ്യതയേയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്നും കെ.എസ്.ഐ.ഡി.സി.യ്ക്കായി ഹാജരായ സുപ്രിംകോടതി അഭിഭാഷകന് സി.എസ്. വൈദ്യനാഥൻ വാദിച്ചു. സി.എം.ആർ.എലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടറും 13.4 ശതമാനം നിക്ഷേപവും ഉണ്ടായിട്ടും ഇല്ലാത്ത സേവനത്തിന് ഫണ്ട് അനുവദിച്ചതടക്കമുള്ള കാര്യത്തിൽ എന്തുകൊണ്ടാണ് വിശദീകരണം തേടാത്തതെന്ന് കോടതി ആരാഞ്ഞു.
ഇക്കാര്യത്തിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ ബുക്ക് ഓഫ് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇന്ററിം റിപ്പോർട്ട് വന്നശേഷം വിശദീകരണം തേടിയെന്നും വിശദീകരിച്ചു സി.എം.ആർ.എൽ നടത്തിയ പണമിടപാട് വിശദമായി അന്വേഷിക്കുന്നതിനായാണ് എസ്.എഫ്.ഐ.ഒ യ്ക്ക് കൈമാറിയതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ആർ.വി. ശ്രീജിത്ത് വിശദീകരിച്ചു. പൊതുപണവും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ററിയം റിപ്പോർട്ട് മാത്രമല്ല കമ്പനി രജിസ്ട്രാറിന്റെ റിപ്പോർട്ടും കണക്കിലെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി. നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചത്. കെ.എസ്.ഐ.ഡി.സിക്കെതിരേ തുടരന്വേഷണം ആവശ്യമാണെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന് വേണ്ടി കേന്ദ്രസർക്കാർ അറിയിച്ചു. ലഭ്യമാക്കിയ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അനധികൃത പണമിടപാടുകൾ പൊതുസ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് നഷ്ടം വരുത്തുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിക്കുന്നതിന് കമ്പനികാര്യ നിയമപ്രകാരം നിയോഗിച്ച മൂന്നംഗസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സഹാറാ കേസിൽ ഉപകമ്പനികൾക്കെതിരായ അന്വേഷണം സുപ്രീം കോടതി ശരിവച്ചിരുന്നു. ഏതെങ്കിലും കമ്പനികളിൽ ക്രമക്കേട് നടന്നാൽ സ്വതന്ത്രഡയറക്ടർമാർ പോലും ഉത്തരവാദികളാണെന്ന് സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദമുണ്ടായി.എന്നാൽ ആരോപിക്കപ്പെടുന്ന ഇടപാടുകൾ അക്കൗണ്ട് ബുക്കിൽ ഇല്ലാത്തതാണെന്നും അതിനാൽ കെ.എസ്.ഐ.ഡി.സിക്ക് അറിവില്ലെന്നും സി.എസ്. വൈദ്യനാഥൻ വാദിച്ചു. കോടതിയുടെ അനുമതിയുടെ മാത്രമെ നോട്ടീസ് പോലും നല്കാവൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഐ.ഡി.സി. ക്ലീനായി വരണമെന്ന് കോടതിയും പറഞ്ഞു.
ഏതായാലും എസ്.എഫ്. ഐ ഒ ഇറങ്ങുന്നതോടെ വീണയെ സഹായിച്ചവരെല്ലാം വെള്ളത്തിലാകുമെന്ന് ഉറപ്പായി. കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തിനും തയ്യാറായി നിൽപ്പാണ്.
https://www.facebook.com/Malayalivartha
























