രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീട് വളഞ്ഞ് പോലീസ് ; രാജി ഉടനെന്ന് സൂചനകള്‍

സംവിധായകന്‍ രഞ്ജിത്തിന്റെ രാജിക്കായുള്ള മുറവിളി ഉയരുന്നു. പ്രതിഷേധം കനക്കുന്നതോടെ സംവിധായകന്റെ കോഴിക്കോട്ടെ വീട് വളഞ്ഞ് പോലീസ്. കൂടാതെ കാറില്‍ നിന്ന് ബോര്‍ഡ് അഴിച്ചുമാറ്റി. നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ പ്രതിഷേധം കനത്തതോടെ ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുന്‍പില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണു വീടിന് മുന്‍പില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണു സൂചന. ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് ഇന്നു മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിംഗിന് മുന്നോടിയായി തനിക്കുണ്ടായ മോശം അനുഭവം ബംഗാളി നടി ശ്രീലേഖ മിത്ര തുറന്നടിച്ചതോടെ, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ സംരക്ഷിക്കാനാവാത്ത വിധം സര്‍ക്കാരിന് സമ്മര്‍ദ്ദമേറി. നാനാഭാഗത്തു നിന്നും മുറവിളി ഉയര്‍ന്നതോടെ, രഞ്ജിത് അക്കാദമി സ്ഥാനം രാജി വയ്ക്കുമെന്നാണ് സൂചന. മന്ത്രിമാര്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന തരത്തിലാണ് സംസാരിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. കടുത്ത പ്രതിേഷധങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന നിലപാടിലാണ് ആനി രാജ. സംസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിര്‍ശബ്ദം ഉയര്‍ന്നു.
അഞ്ചുവര്‍ഷം പെട്ടിയിലിരുന്ന, 'പ്രമുഖര്‍' അടക്കമുള്ള വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനായി പേജുകള്‍ തന്നെ വെട്ടിക്കളഞ്ഞു പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ ആദ്യത്തെ ഇര രഞ്ജിത്താകാനുള്ള സാധ്യതകളേറെയാണ്. പ്രശ്‌നത്തിന് ഇതിനകം തന്നെ രാഷ്ട്രീയമാനം കൈവന്നു കഴിഞ്ഞു. എന്തായാലും തല്‍ക്കാലത്തേക്ക് പ്രമുഖര്‍ സുരക്ഷിതര്‍. രഞ്ജിത്തിന്റെ കാര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് സമീപകാലത്ത് അദ്ദേഹം ചെന്നു പെട്ട വിവാദങ്ങളാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരുനിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് അര്‍ഹനല്ല എന്ന് സംവിധായകന്‍ ഡോ. ബിജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറി അംഗങ്ങളെ സ്വാധീനിച്ചു എന്ന പരാതിയും ഐഎഫ്എഫ് കെയിലെ സിനിമാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളും ബിജു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലില്‍ താനടക്കമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയര്‍മാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബിജു ആരോപിക്കുന്നു. അല്‍പ്പമെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ അക്കാദമി ചെയര്‍മാനെ ഉടന്‍ പുറത്താക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























