ഓര്‍മ്മപ്പെടുത്തി താരം... വിവാദങ്ങള്‍ കത്തുമ്പോള്‍ ഗീതു മോഹന്‍ദാസിന്റെ വരവ്, എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം

കേരളം മൊത്തം ചര്‍ച്ചയായിരിക്കെ അപ്രതീക്ഷിതമായി ഗീതു മോഹന്‍ദാസിന്റെ വരവ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആഞ്ഞടിക്കുന്ന ആരോപണ കൊടുങ്കാറ്റിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മ്മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് രംഗത്ത്. ഇന്ന് മലയാള സിനിമയില്‍ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകള്‍ക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാള്‍ പോരാട്ടമാണെന്നാണ് ഗീതി മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തിയത്.
'നമ്മള് ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്' എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിയില്‍ രാത്രി കാറില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഗീതു നടത്തിയത്.
2019 ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ കോളിളക്കമാണ് സംഭവിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തും നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖുമടക്കമുള്ളവര്‍ക്കെതിരെ ഈ ദിവസങ്ങളില്‍ ആരോപണത്തിന്റെ കുന്തമുന നീണ്ടുകഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മ്മിപ്പിച്ച് ഗീതു മോഹന്‍ദാസ് രംഗത്തെത്തിയത്.
ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് അടിതെറ്റി രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ രാജിയ്ക്കായി സമ്മര്‍ദം ഉയര്‍ന്നതോടെയാണ് രഞ്ജിത്തിന്റെ രാജി അനിവാര്യമായത്. ഞായറാഴ്ച രാവിലെയോടെ രഞ്ജിത്തിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സി പി ഐ നേതാക്കളടക്കം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള സാധ്യതയുണ്ടായതെന്നാണ് വിവരം.
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തേക്കുമെന്ന് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്. നടി പരാതി നല്കുകയാണെങ്കില് സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ലഭിച്ച വിവരം.
മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടി ശ്വേതാ മേനോന് പറഞ്ഞു. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്റെ ഭാഗമായിട്ടാണെന്നും പറഞ്ഞു. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
''ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യമാണ് സ്ത്രീകള്‍ക്കു പ്രശ്നമുണ്ട്, നമ്മള് സ്വന്തമായി തന്നെ ഇതില്‍ പോരാടണമെന്ന്. കാരണം ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരും ഉണ്ടാകില്ല. അതിപ്പോഴും ഞാന്‍ ഉറപ്പിച്ചു പറയുന്നു.
സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് കേസുകളില്‍ പോരാടുന്ന ആളാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്. അതുകൊണ്ട് ഇതൊന്നും പുതുമയല്ല. നോ പറയേണ്ടടത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബത്തില്‍ നിന്നൊക്കെ വരുന്ന ആളുകളാണ്. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെ. എല്ലാവരുടെയും സാഹചര്യം നമുക്ക് അറിയില്ലല്ലോ? എന്നും ശ്വേത മേനോന് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























