കലങ്ങി മറിയുന്നു... ചോദ്യങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍

സിദ്ദിഖും രഞ്ജിത്തും രാജി വച്ചതോടെ അടുത്ത തല ആരെന്നുള്ള ചോദ്യമാണ് ഉയരുന്നത്. അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. തന്നില്‍ ഔഷധഗുണമൊന്നും ഇല്ലെന്നും തന്നെ വെറുതേ വിട്ടേക്കൂ എന്നും പറഞ്ഞ ഗണേഷ് കുമാര്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും വ്യക്തമാക്കി.
ചട്ടമ്പിസ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയാണ്. അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ തരുന്നുണ്ട്. ഞാന്‍ ഗതാഗത മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷമായി നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) എന്നെ വേട്ടയാടുകയാണ്. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യമില്ല. എന്നെ ഉപദ്രവിക്കരുത് എന്റെ പുറകേ നടക്കണ്ട. ഞാന്‍ ഇതിനേപ്പറ്റി അഭിപ്രായം പറയില്ല. നല്ലതും പറയില്ല, ചീത്തയും പറയില്ല. അത് ശരിയല്ല. ഇതിനകത്ത് ചോദ്യങ്ങള്‍ വേണ്ട', ഗണേഷ് കുമാര്‍ പറഞ്ഞു.
ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
എല്ലാ മേഖലയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും രണ്‍ജി പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രഞ്ജിത്തിന്റെ രാജി സമ്മര്‍ദ്ദത്തിന്റെ പുറത്ത് ആണെന്ന് കരുതുന്നില്ല. ആരെയും മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ല. നിങ്ങള്‍ക്ക് അവരെ ബഹിഷ്‌ക്കരിക്കാം. ഹേമ റിപ്പോര്‍ട്ടില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ അല്ല വേണ്ടത്. നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആര്‍ക്കുമില്ല. ഇപ്പോള്‍ അവര്‍ ആരോപണ വിധേയര്‍ മാത്രമാണ്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചത്. രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറില്‍ നിന്ന് ഓദ്യോഗിക നെയിം ബോര്‍ഡ് മാറ്റിയിരുന്നു. സിനിമാ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാള്‍ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജിവെച്ചു.
https://www.facebook.com/Malayalivartha
























