മുകേഷ് കൊല്ലത്ത് കയറില്ല, ഓഫീസില്‍ കയറി തല്ലുമെന്ന് പെണ്ണുങ്ങളുടെ വെല്ലുവിളി ; കൊല്ലത്തെ പെണ്ണുങ്ങള്‍ ഇരച്ചിറങ്ങി

മുകേഷ് എംഎല്‍എയെ കൊല്ലത്ത് കയറ്റില്ലെന്ന് പെണ്ണുങ്ങള്‍. കൊല്ലത്ത് വലിയ പ്രതിഷേധം അണപൊട്ടുന്നു. എംഎല്‍എ ഓഫീസില്‍ കയറി തല്ലുമെന്നാണ് വീട്ടമ്മമാരുടെ വെല്ലുവിളി. പോസ്റ്ററുകള്‍ കീറിയും ചാണകവെള്ളം ഒഴിച്ചും പ്രതിഷേധം. മുകേഷിനെ പോലൊരു പെണ്ണുപിടിയനെ രാജിവെപ്പിക്കാതെ സി പി എം സ്ത്രീകളെ വെല്ലുവിളിക്കുന്നുവെന്ന് രോഷം അണപൊട്ടുന്നു. മുകേഷ് ആരോപണനിഴലില്‍ നില്‍ക്കുമ്പോഴും കൈവിടാതെ പാര്‍ട്ടി. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം.
മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിടെ 2018ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു. അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നും മുകേഷിനെ മാറ്റിയേക്കും. അതിനിടെ, മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. മഹിളാമോര്‍ച്ച, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ തിങ്കളാഴ്ച അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മുകേഷിനെ പരമാവധി പാര്‍ട്ടി പരിപാടികളില്‍ നിന്നും തല്‍കാലം അകറ്റി നിര്‍ത്തും. മുകേഷിനുനേരേ ആരോപണം വന്നതോടെ സി.പി.എം. വെട്ടിലായി. സിപിഎം 31ന് സംസ്ഥാന സമിതിയോഗം നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ മുകേഷിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ശക്തമാണ്. രഞ്ജിത്തിനെതിരേ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും വനിതാമന്ത്രിമാരും നിലപാടെടുത്തു. സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തനിക്കുനേരേയുള്ള ആരോപണമെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിന് തലവേദനയായി. ഈ സാഹചര്യത്തില്‍ മുകേഷിന്റെ കാര്യവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. എംഎല്‍എ സ്ഥാനം രാജിവച്ച് കൊല്ലത്ത് ഉപതിരഞ്ഞെടുപ്പുണ്ടാക്കാന്‍ മുകേഷിനെ അനുദിക്കുകയുമില്ല.
കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയെ പാര്‍ട്ടിയുടെ എല്ലാസ്ഥാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തണമെന്നാണ് പാലക്കാട് ജില്ലാകമ്മിറ്റിയുടെ തീരുമാനം. ശശിയെ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്നും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തിട്ടില്ല. സമ്മേളനം നിശ്ചയിച്ചാല്‍ സംഘടനാനടപടി പാടില്ലെന്നാണ് സി.പി.എമ്മിലെ വ്യവസ്ഥ. അതുയര്‍ത്തി ശശിയെ രക്ഷിച്ചെടുക്കാനുള്ള നീക്കം തകൃതിയാണ്. അതിനിടെയാണ് മുകേഷ് വിവാദം വരുന്നത്. കാസര്‍കോട്ടെ അബ്കാരി ബിസിനസുകാരന്‍, വന്‍കിട സ്വര്‍ണബിസിനസ് ഗ്രൂപ്പ് എന്നിവയുമായി ചില മുതിര്‍ന്നനേതാക്കള്‍ക്കുള്ള ബന്ധത്തെപ്പറ്റിയും സിപിഎമ്മില്‍ പരാതിയുണ്ട്. ഇതു തല്‍കാലം ചര്‍ച്ച ചെയ്യില്ല.
ഇതിനിടെ സമഗ്ര സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ രൂപവത്കരിച്ച പത്തംഗ സമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരുന്നതില്‍ നടി മഞ്ജു വാര്യര്‍ക്ക് അടക്കം അതൃപ്തി. സമിതി അധ്യക്ഷന്‍ ഷാജി കരുണും മുകേഷിനെ അനുകൂലിക്കുന്നില്ല. അതിനിടെ തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഷാജി എന്‍. കരുണ്‍ പ്രതികരിക്കുകയും ചെയ്തു. മുകേഷിനെ നീക്കുമെന്ന് തന്നെയാണ് സൂചന.
നയരൂപവത്കരണത്തിനു മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്. ഒരു വ്യക്തിയുടെ കാര്യമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ കോണ്‍ക്ലേവിനെ അടക്കം മുകേഷ് നിയന്ത്രിക്കുന്നത് പേരുദോഷമാകുമെന്ന അഭിപ്രായം സിനിമയിലുള്ളവര്‍ക്കുണ്ട്. ഇത് കോണ്‍ക്ലേവിന്റെ മോടി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷിനെതിരെ പീഡനാരോപണം പോലീസിന് കിട്ടിയാല്‍ കേസെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുകേഷിനെ ഒഴിവാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
https://www.facebook.com/Malayalivartha
























