സംവിധായകൻ മോഹന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അനുശോചനം

മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു സംവിധായകൻ മോഹൻ. എൺപതുകളിൽ ശുദ്ധകലാസിനിമയ്ക്കും കച്ചവട സിനിമയ്ക്കുമിടയിൽ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകൾ സാധ്യമാണെന്ന് തെളിയിച്ച കെ.ജി ജോർജ്, പത്മരാജൻ, ഭരതൻ എന്നിവർക്ക് സമശീർഷനായ ചലച്ചിത്രപ്രതിഭയായിരുന്നു മോഹൻ.
മോഹൻ സംവിധാനം ചെയ്ത 'വിടപറയും മുമ്പേ' 1981ലും 'തീർത്ഥം' 1987ലും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. 2015ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായിരുന്നു. 2021ൽ 25ാമത് ഐ.എഫ്.എഫ്.കെയുടെ മലയാള സിനിമാ റ്റുഡേ വിഭാഗത്തിലേക്കുള്ള സിനിമകൾ തെരഞ്ഞെടുത്ത സെലക്ഷൻ ജൂറി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വി.ടി നന്ദകുമാറിന്റെ നോവലിനെ ആസ്പദമാക്കി മോഹൻ സംവിധാനം ചെയ്ത 'രണ്ടു പെൺകുട്ടികൾ' സ്വവർഗപ്രണയത്തിന്റെ കഥ പറയുന്ന മലയാളത്തിലെ ആദ്യസിനിമയാണ്. പത്മരാജന്റെ തിരക്കഥയെ ആധാരമാക്കിയുള്ള 'ശാലിനി എന്റെ കൂട്ടുകാരി', ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ട 'ഇളക്കങ്ങൾ', 'ഇടവേള', 'ആലോലം', 'രചന', 'മംഗളം നേരുന്നു', 'തീർത്ഥം', 'ശ്രുതി', 'മുഖം', 'പക്ഷേ' തുടങ്ങി പ്രമേയവൈവിധ്യമുള്ള നിരവധി സിനിമകളിലൂടെ മലയാള സിനിമയിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച മോഹന്റെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്.
https://www.facebook.com/Malayalivartha
























