സുരേഷ് ഗോപിയുടെ നിലപാടുകള്‍ തിരുത്തിക്കാനോ, നിയന്ത്രിക്കാനോ കഴിയാതെ ബിജെപി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം- അനിൽ അക്കര

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ നിലപാടുകള്‍ തിരുത്തിക്കാനോ, നിയന്ത്രിക്കാനോ കഴിയാതെ കടുത്ത അതൃപ്തിയില്‍ ബി.ജെ.പി. കേരളത്തില്‍നിന്നുള്ള ഏക പാര്‍ലമെന്റംഗവും മന്ത്രിയുമായ ആള്‍ സ്വീകരിക്കുന്ന സമീപനം 'പാര്‍ട്ടി ലൈന്‍' അല്ല എന്ന അഭിപ്രായം ബി.ജെ.പിയില്‍ ശക്തമാണ്. ഏറ്റവുമൊടുവില്‍ സിനിമരംഗത്തെ വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയില്‍നിന്നുണ്ടായ പ്രതികരണവും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതും ഒഴിവാക്കാമായിരുന്നതാണെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. സിനിമ താരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ സുരേഷ് ഗോപിയുടെ നിലപാടല്ല ബി.ജെ.പിയുടേതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പരസ്യമായി പറയേണ്ടിവന്നു.
'നടന്‍ എന്ന നിലയിലുള്ള അഭിപ്രായമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനൊത്ത് പോകണം' എന്നും സുരേന്ദ്രന്‍ തുറന്നടിച്ചത് പാര്‍ട്ടിയിലെ അസംതൃപ്തിയുടെ തുറന്നുപറച്ചില്‍ കൂടിയായിരുന്നു. സുരേഷ് ഗോപി നടന്‍ എന്നതിലുപരി എം.പിയും കേന്ദ്ര സഹമന്ത്രിയുമാണ് എന്ന ബോധ്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടി, പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നിവയെക്കാള്‍ പ്രാധാന്യം സിനിമക്ക് സുരേഷ് ഗോപി നല്‍കുന്നുണ്ട്. കഴിഞ്ഞയാഴ്ച പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 22 സിനിമയെങ്കിലും ചെയ്യാനുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇക്കാര്യം അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സിനിമ അഭിനയത്തിന് അനുവാദം നല്‍കാതെ മന്ത്രി സ്ഥാനത്തുനിന്നും പറഞ്ഞയച്ചാലും പ്രശ്‌നമില്ലെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ ഏക എം.പി സംസ്ഥാന നേതൃത്വത്തിന് വിധേയനാകാതെ മുന്നോട്ടുപോകുന്നതിലുള്ള നീരസം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിയെ തിരുത്താനാവില്ലെന്നും അവര്‍ തിരിച്ചറിയുന്നു.
മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോടതി തീരുമാനമെടുക്കട്ടെയെന്ന് ആയിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആദ്യം പ്രതികരിച്ചത്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകൂടിയാണ് ആരോപണങ്ങളിലൂടെ ചെയ്യുന്നത്. നടക്കുന്നത് ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കമാണ് . പരാതികളെല്ലാം ആരോപണങ്ങളുടെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിയ്ക്ക് ബുദ്ധിയും യുക്തിയുമുണ്ട് കോടതി തീരുമാനിക്കട്ടെ...
പിന്നീട് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി ക്ഷോഭിക്കുന്ന കാഴ്ചയായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ് ഗോപി കാറില്‍ കയറി പോയി. എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചായിരുന്നു മന്ത്രി പോയത്. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു.
അമ്മയുടെ യോഗത്തില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യം ചോദിക്കണമെന്നും വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വീടുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നുമായിരുന്നു പ്രതികരണം. ഇതിന് ശേഷമാണ് തൃശ്ശൂര്‍ രാമനിലയത്തില്‍നിന്നും പുറത്തേക്കിങ്ങുമ്പോള്‍ മൈക്ക് തട്ടിമാറ്റി മന്ത്രി പോയത്. പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ നിലപാട് തള്ളിക്കളയുകയായിരുന്നു.
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം എന്ന ആരോപണവുമായി അനില്‍ അക്കരയും രംഗത്ത് എത്തി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചത്തുവന്നതിന് ശേഷം നിരവധി നടന്മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേരുണ്ട് എന്നത് ഇനിയും വ്യക്തമല്ല. പരാതിയുമായി മുന്നോട്ട് വന്നവരുടെ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതിക്കാരുടെയോ അവര്‍ ആരോപണം ഉന്നയിച്ചവരുടെയോ കാര്യങ്ങള്‍ ചര്‍ച്ചയായിട്ടില്ല.
ഏതൊക്കെ സിനിമാ താരങ്ങള്‍ നടിമാരോട് മോശമായി പെരുമാറിയെന്നോ പീഡിപ്പിച്ചു എന്നോ ഉള്ള ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനകത്ത് സുരേഷ് ഗോപിയുടെ പേരുണ്ടോ എന്ന സംശയം എനിക്കും പൊതുസമൂഹത്തിനും ബലപ്പെടുന്ന സംഭവമാണ് ഇന്നത്തേത്. അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ സുരേഷ് ഗോപി ശ്രമിക്കേണ്ട കാര്യമെന്താണ്. അദ്ദേഹത്തിന് വലിയ കുറ്റബോധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നതെന്നും അനില്‍ അക്കര പറഞ്ഞു.
https://www.facebook.com/Malayalivartha
























