മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധത്തില്‍; 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി

മുകേഷിനെതിരെ സ്ത്രീകളുടെ വലിയ പ്രതിഷേധം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പുറത്തുവന്ന ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന നടന്‍ മുകേഷ്, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി. മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സാറാ ജോസഫ്, കെ.അജിത, കെ.ആര്‍. മീര, രേഖാ രാജ്, സി.എസ്. ചന്ദ്രിക അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണെന്നു പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ബലാല്‍സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമനിര്‍മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്നും പ്രസ്താവനയില്‍ പറയുന്നു.
''ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അതിന് തയാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു'' പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























