ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തു; രാജി വയ്ക്കണമെന്ന ആവശ്യം ശക്തം:- വീടിന് സുരക്ഷ ഏർപ്പെടുത്തി...

നടിയുടെ ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.
മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റുളളവര്‍ക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
പീഡന ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. കേസെടുത്തതോടെ സിപിഎം നിലപാടും നിർണായകമായി.
മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha
























