സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...

മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ഉയരുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഷയത്തില്‍ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടുകളോട് എന്ത് നിലപാട് സ്വീകരിക്കണമെന്നത് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിട്ടുണ്ടായിരുന്നു. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഐഎംമ്മിന്റെ നിലപാട്.
അനാവശ്യമായ ഒരു കീഴ് വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റും വിലയിരുത്തിയത്. സിപിഐ വിഷയത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സിപിഐഎംമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.
അതേസമയം, എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോണ്‍ഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കി.
"
https://www.facebook.com/Malayalivartha
























