ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണു ; അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; . വൈദ്യശാസ്ത്ര ഡോക്ടർ, നാടക കലാകാരൻ, ഉദ്യോഗസ്ഥ പ്രമുഖൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമ. സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പൊതുവിൽ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്.
കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വ നിർവഹണത്തെ തെല്ലും ബാധിക്കാതെ നോക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോൾ അദ്ദേഹത്തിനു പൊതുവിൽ ഗുണം ചെയ്യുക കൂടിയുണ്ടായി. അത്തരം വകുപ്പുകൾക്ക് ജനപ്രിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകർഷിക്കാൻ പോരുംവിധമുള്ള പേരുകൾ നൽകുന്നതിലും ഒക്കെ വലിയ തോതിൽ ഇതു പ്രയോജനപ്പെട്ടു.
ഡോക്ടർ എന്ന നിലയ്ക്കുള്ള ഡോ. വേണുവിന്റെ പശ്ചാത്തലം, ഡോക്ടർമാർ പൊതുവിൽ സമരത്തിനുപോയ ഒരു വേളയിൽ, ചികിത്സ കിട്ടാതെ വലഞ്ഞ രോഗികൾക്ക് ആശ്വാസമായതു ഞാൻ ഓർക്കുന്നു. മൂവാറ്റുപുഴയിൽ ഡോ. വേണു സബ് കളക്ടർ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ പണിമുടക്കിയപ്പോൾ രോഗികൾ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ്, പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്കോപ് വീണ്ടുമെടുത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























