ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്; പ്രതിപക്ഷ നേതാവ്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ പരാമർശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണ്. റിപ്പോർട്ട് നാലര വർഷം ഒളിച്ചു വച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോർട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെൻഡ്രൈവ് ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇതു തന്നെയല്ലേ പ്രതിപക്ഷവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷം പറഞ്ഞു എന്നതു മാത്രമല്ല, നീതിബോധമുള്ള ആർക്കും ഇങ്ങനെയെ പറയാനാകൂ. കൃത്യമായ നിയമപരിശോധന നടത്തിയാണ് പ്രതിപക്ഷം അഭിപ്രായം പറഞ്ഞത്. പ്രതിപക്ഷത്തിന്റെ അഭിപ്രായമായിരുന്നു ശരിയെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ഇരകൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നുവെന്നതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. പോക്‌സോ നിയമത്തിന്റെ സെക്ഷൻ 21, ബി.എൻ.എസ്.എസ് ആക്ടിന്റെ 176(1), ബി.എൻ.എസ് ആക്ടിന്റെ 199(സി) അനുസരിച്ചും ഒരു വിവരം കിട്ടിയാൽ അപ്പോൾ തന്നെ അന്വേഷണം നടത്തണം.
പോക്‌സോ ആക്ടും ബി.എൻ.എസും അനുസരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നതു തന്നെ ആറു മാസം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യ പ്രകാരം അന്വേഷണത്തിന് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സർക്കാർ അതിൽ ഉൾപ്പെടുത്തി.
എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചല്ല, റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പുറത്തു വന്ന വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്.അതു തന്നെയാണ് ഹൈക്കോടതിയും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇരകൾക്ക് നീതി കിട്ടണം. മുഖം നേക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിന്നത്.
https://www.facebook.com/Malayalivartha