വീട്ടുവളപ്പില്‍ വളര്‍ത്താം തക്കാളി

വീട്ടുവളപ്പില്‍ വളര്‍ത്താനായി ആദ്യം അനുയോജ്യമായ നല്ലയിനം തക്കാളിയുടെ വിത്തുകള്‍ തിരഞ്ഞെടുത്ത് പാകി മുളപ്പിച്ച് തൈകളാക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി ഈ വിത്തുകള്‍ സ്യൂഡോമൊണാസ് ലായനിയില്‍ ഇരുപത് മിനിട്ടുകള്‍ മുക്കിവയ്ക്കുക. പിന്നീട് പ്ലാസ്റ്റിക് ട്രേയില്‍ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്‌സ് ചെയ്ത് ഈ വിത്തുകള്‍ വിതറണം.
മുളച്ച് 25 ദിവസമാകുമ്പോള്‍ ഗ്രോബാഗിലോ നിലത്തോ ഇവ മാറ്റി നടണം. തൈകള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് വേണം ഇവ മാറ്റി നടേണ്ടത്. മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും 2:1:1 എന്ന കണക്കില്‍ യോജിപ്പിച്ച് എടുത്ത് ഇതില്‍ എല്ലുപൊടിയും കുറച്ച് വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തശേഷം ഈ മിശ്രിതം ഗ്രോബാഗിന്റെ പകുതിയോളം നിറച്ച് തൈ നടുക.
ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ ചീഞ്ഞുപോകാനും സാദ്ധ്യതയേറെയാണ്. ഒരു മാസത്തെ വളര്‍ച്ചയാകുമ്പോള്‍ ദ്രവരൂപത്തിലുള്ള വളപ്രയോഗം ചെയ്യാവുന്നതാണ്. ഇടവിട്ട ദിവസങ്ങളില്‍ ഗോമൂത്രം പത്തിരട്ടി വെള്ളം ചേര്‍ത്ത് ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുക.
ആഴ്ചയില്‍ രണ്ട് ദിവസം ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ഒഴിച്ച് കൊടുക്കേണ്ടതാണ്. ചെടി വളരുന്നതിനനുസരിച്ച് കൂടുതല്‍ പരിപാലനം ആവശ്യമായി വരും. ആവശ്യാനുസരണം താങ്ങും പടലും നല്‍കുക. ഒപ്പം പ്രാണി ശല്യം ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha