വീണ്ടും ചര്‍ച്ചയാകുന്നു... പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് സുനില്‍ കുമാറിന് വിവരാവകാശ മറുപടി

വി എസ് സുനില്‍ കുമാര്‍ വെറും സുനില്‍കുമാറല്ല. മുന്‍ മന്ത്രിയാണ്. ഭരിക്കുന്ന മുന്നണിയായ സിപിഐയുടെ പ്രമുഖ നേതാവാണ്. അതേസമയം പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് മറുപടി നല്‍കിയത്. അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ പറയുന്നു. അപ്പീല്‍ നല്‍കുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.
പൂരം കലക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും എന്ത് തരത്തിലുള്ള ഇടപെടലാണ് നടത്തിയതെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിടാതിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്.
ആഭ്യന്തരമായി രഹസ്യ സ്വഭാവമുള്ളതാണെങ്കില്‍ മറച്ചു വയ്ക്കുന്നതില്‍ പരാതിയില്ലെന്ന് സുനില്‍ കുമാര്‍ പ്രതികരിച്ചു. വിശ്വാസപരമായ കാര്യങ്ങള്‍ ആയതിനാലാകും സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നത്. പക്ഷെ ജനങ്ങള്‍ അറിയേണ്ടത് പുറത്തു വിടണം. അപ്പീല്‍ നല്‍കാന്‍ സാധ്യത ഉണ്ടോ എന്ന് തീര്‍ച്ചയായും അന്വേഷിക്കും. എഡിജിപിക്ക് വീഴ്ച പറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
മുമ്പ് എ.ഡി.ജി.പിക്ക് എതിരായ അന്വേഷണരേഖ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ട ഘട്ടത്തിലും സമാനമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. എന്നാല്‍, തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളതെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരണമെന്ന് നിലപാടാണ് അവിടുത്തെ ദേവസ്വം പോലും സ്വീകരിച്ചിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച വി.എസ്. സുനില്‍ കുമാറും ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) അപേക്ഷ നല്‍കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍.ടി.ഐ. മുഖേന മാത്രമേ ഈ റിപ്പോര്‍ട്ട് പുറത്തുവരാനുള്ള സാധ്യതയുള്ളൂ.
വിവരാവകാശ നിയമത്തിലെ 24/4 സെക്ഷന്‍ അനുസരിച്ച് രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍, ഇന്റലിജന്‍സ് രേഖകള്‍ എന്നിവയാണ് ആര്‍.ടി.ഐ. വഴി പുറത്തുവിടേണ്ടാത്തവ. ഇത്തരം വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്റലിജെന്‍സ് രേഖകള്‍, സെന്‍സിറ്റീവ് റെക്കോഡുകള്‍ എന്നിവയാണ് ആഭ്യന്തര വകുപ്പിലെ ആര്‍.ടി.ഐ. പരിധിയില്‍ വരാത്ത രേഖകള്‍.
തൃശ്ശൂര്‍ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നിയമസഭയിലും സിപിഐ ആവര്‍ത്തിച്ചിരുന്നു. പൂരം കലക്കിയതിനു പിന്നില്‍ വത്സന്‍ തില്ലങ്കേരിമാരും ആര്‍എസ്എസിന്റെ ഗൂഢ സംഘമുണ്ടെന്ന് സി.പി.ഐ എം.എല്‍.എ പി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുലര്‍ച്ചെ 3.30 മുതല്‍ പൂരം കലക്കാനുള്ള ശ്രമം ഉണ്ടായി. നാമജപ ഘോഷയാത്രയുമായി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തൃശ്ശൂരില്‍ എങ്ങനെയെത്തി? പൂരനഗരിയിലേക്ക് സുരേഷ് ഗോപി വരുന്നതിന് മുന്‍പ് തന്നെ മന്ത്രി കെ.രാജനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സുനില്‍കുമാറും എത്തിയിരുന്നു. തുടര്‍ന്നാണ് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത് വെടിക്കെട്ട് നടത്താനുള്ള തീര്‍പ്പിലെത്തി ചേര്‍ന്നത്. ഇതുനുശേഷമാണ് നാടകത്തിന്റെ മുഖ്യ ആസൂത്രകനായ സുരേഷ് ഗോപി ഇവിടേക്ക് വരുന്നത്. ശബരിമലയിലേതിന് സമാനമായ ആര്‍എസ്എസ് ഗൂഢാലോചന പൂരത്തിലും നടന്നൂവെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വകതിരിവ് പ്രതിപക്ഷത്തിനില്ല. പൂരം കലക്കാന്‍ അവസരമുണ്ടാക്കി കൊടുത്തത് ആരാണെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha