പിണറായിക്കെതിരെ വി.എസിന്റെ പടയൊരുക്കം, പിണറായി മത്സരിച്ചാല്‍ അംഗീകരിക്കില്ല; പ്രചാരണ രംഗത്തും ഉണ്ടാകില്ല; തീരുമാനം യെച്ചൂരിയെ അറിയിച്ചു

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതിനുമുമ്പായി പിണറായി വിജയനെ കുരുക്കിലാക്കി മുന്നണിയുടെയും പാര്‍ട്ടിയുടെയും നേതൃ സ്ഥാനം കൈക്കലാക്കാന്‍ വി.എസ് അച്യുതാനന്ദന്റെ പടയൊരുക്കം. ഇതിന്റെ ഭാഗമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ല എന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പിണറായിയുടെ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരില്‍ കണ്ടാകും വി.എസ് ഇക്കാര്യം അറിയിക്കുക. പിണറായി നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സഹകരിക്കില്ലെന്നും വി.എസ് നിലപാടെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഒരു എം.എല്‍.എയായി മാത്രം തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വി.എസ് കേന്ദ്ര നേതാക്കളെ കത്തിലൂടെ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്റെ മാത്രം നേതൃത്വത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്കും, മുന്നണിക്കും ഒരു ഗുണവും ഉണ്ടാക്കില്ല എന്ന വിലയിരുത്തലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനുള്ളത്. വി.എസിനെ മതസരരംഗത്ത് ഇറക്കിയാല്‍ പോലും കുറെ സീറ്റുകളില്‍ കടുത്ത മത്സരം നടത്താം എന്ന് ഒഴികെ മറ്റു നേട്ടങ്ങള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സ്വാധീനം നഷടപ്പെട്ടാല്‍ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ മത്സരരംഗത്ത് വി.എസിന്റെ സാന്നിധ്യം അനിവാര്യമാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ പിണറായി വിജയനൊപ്പം മത്സരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കില്ല എന്ന് വി.എസിന് നന്നായി അറിയാം.
അതോടൊപ്പം ലാവലിന്‍ കേസില്‍ മുമ്പ് സ്വീകരിച്ച നിലപാടും വി.എസിന് പുനപരിശോധിക്കേണ്ടി വരും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് വി.എസ് പുതിയ നിലപാട് സ്വീകരിക്കുന്നത്. പിണറായിയുടെ യാത്രയുടെ ഉദ്ഘാടന ചടങ്ങിലടക്കം പങ്കെടുത്ത് പാര്‍ട്ടിക്ക് വിധേയനാനാണ് താനെന്ന് ബോധ്യപ്പെടുത്താനും വി.എസ് ശ്രമിച്ചിരുന്നു. ലാവലിന്‍ വിഷയത്തില്‍ പരസ്യ പ്രതികരണവും അച്യുതാനന്ദന്‍ ഒഴിവാക്കിയിരുന്നു.
എന്നാല്‍ വി.എസ് അച്യുതാനന്ദന്റെ ഈ നീക്കങ്ങളെ കരുതലോടെയാണ് പിണറായി പക്ഷം നോക്കിക്കാണുന്നത്. വി.എസ് മത്സരരംഗത്തുനിന്ന് പിന്‍മാറിയാല്‍ അതിനെ സ്വാഗതം ചെയ്യാനാണ് ഇവരുടെ തീരുമാനം. എന്തുവന്നാലും പിണറായിയുടെ സ്ഥാനാര്‍ത്ഥി കുപ്പായത്തിന് ഇളക്കം തട്ടാതെ നോക്കാനും ഔദ്യോഗിക പക്ഷം ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുക്കുമ്പോള്‍ എല്ലാകാലത്തും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വി.എസ് ഇപ്പോഴും അത്തരമൊരു നിലപാട് സ്വീകരിക്കുന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നും ഔദ്യോഗിക വിഭാഗം വിലയിരുത്തുന്നു. ഇക്കാര്യങ്ങളുന്നയിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുന്നില്‍ വി.എസിനെതിരെ പരാതി നല്‍കണം എന്നുപോലും ചില ഔദ്യോഗിക പക്ഷ നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























