പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകൾ :നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; അസുഖങ്ങൾ മരണ കാരണമായോ..?

നെയ്യാറ്റിൻകര സമാധി വിവാദത്തെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദൻ പറഞ്ഞു.
ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പ്രതികരിച്ചിരുന്നു.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലയെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂ. മരണത്തിലെ ദുരൂഹത നീങ്ങാൻ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.
കുടുംബാംഗങ്ങളുടെ മൊഴി ഇനിയും എടുക്കേണ്ടതുണ്ടോ എന്ന് അടക്കമുള്ള തുടർനടപടികൾ പരിശോധഫലം ലഭിച്ചതിനുശേഷം പൊലീസ് തീരുമാനിക്കും. ഗോപൻ്റേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്.
ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപൻ്റെ മൃതശരീരം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ചടങ്ങിൽ സന്യാസിമാരുൾപ്പടെ പങ്കെടുത്തു. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു.
തലയില്‍ കണ്ട കരുവാളിച്ച പാടുകള്‍ പരുക്കാണോ എന്നും വിശദമായി പരിശോധിക്കും. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുകയാണ്. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയ ശേഷം പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടിയെന്നുമാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha