മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്.. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോർന്നത്..

മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോർന്നത്. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു.
ജോലിക്ക് പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളെ ആകെ വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി. ചെറിയ ഇടവഴികളിലടക്കം വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്. രാത്രികാല യാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ലോറേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം പേട്ടയിൽ ശക്തമായ മഴയിൽ കാർ വെള്ളക്കെട്ടിലേക്കു വീണു. ഇന്നു രാവിലെയാണ് റോഡിന് സമീപത്തെ തോട്ടിലേക്ക് ഓൺലൈൻ ടാക്സി വീണത്. ശക്തമായ മഴയെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. യാത്രക്കാരനെ കൂട്ടാൻ വേണ്ടിയാണ് കാർ വെള്ളം നിറഞ്ഞ ഭാഗത്തേക്ക് എത്തിയത്. തോപ്പുംപടി സ്വദേശിയായ ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ വെള്ളക്കെട്ടിൽ വീണെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. റിക്കവറി വാഹനം എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ കാർ പുറത്തെത്തിച്ചു. കനത്ത മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലങ്ങളായി തോടിന്റെ ഭാഗം സ്ലാബ് ഇട്ട് മൂടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അത് മുഖവിലയ്ക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊച്ചി കോർപറേഷന്റെയും മരട് മുനിസപ്പാലിറ്റിയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിലാണ് കാർ വീണത്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്ത് 07ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.
https://www.facebook.com/Malayalivartha