ഉഗ്ര ശബ്ദം... വീടുകളിലേക്ക് ഇരച്ചുകയറി മലവെള്ളം ! നിലവിളിച്ചോടി പ്രദേശവാസികള്‍ പാലക്കാട് ഉരുള്‍പൊട്ടല്‍ ?

പാലക്കാട് ജില്ലയെ വിടാതെ പിടികൂടി തുടരെ ദുരന്തങ്ങള്‍. വാണിയംകുളം പനയൂരില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് നിറഞ്ഞു. ഉരുള്‍ പൊട്ടിയോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പനയൂര്‍ ഇളംകുളത്തെ പ്രദേശവാസികള്‍ ഭയാനകമായ ശബ്ദം കേട്ടതായി പറയുന്നു. ഇതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. പ്രദേശത്ത് ആകെ ഏഴ് വീടുകളാണ് ഉള്ളത്. ഇതില്‍ മൂന്ന് വീടുകളുടെ മതിലുകള്‍ ഇടിഞ്ഞ് താഴ്ന്നു.
വാണിയംകുളം പഞ്ചായത്തിലെ പനയൂര്‍ വെസ്റ്റ് 17ാം വാര്‍ഡിലാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്നലെയും ഇന്നുമായി ജില്ലയില്‍ കനത്ത മഴയാണ്. മലവെള്ളപ്പാച്ചില്‍ ഉണ്ടായയതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകലെ മാറ്റിയിട്ടുണ്ട്. അതേസമയം, ആശങ്ക വേണ്ടെന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി എ കെ വിനോദ് അറിയിച്ചു. ശക്തമായ മഴയില്‍ മലയില്‍ നിന്ന് വെള്ളം കുത്തി ഒഴുകിയതാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഷൊര്‍ണൂരില്‍ കനത്ത മഴ. തുടര്‍ന്ന് ഇറിഗേഷന്‍ ഓഫീസിനകത്ത് വെള്ളം കയറി. ജീവനക്കാര്‍ മേശ പുറത്ത് കയറി ഇരുന്നുകൊണ്ടാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷൊര്‍ണൂരില്‍ മണിക്കൂറുകളായി അതിശക്തമായ മഴയായിരുന്നു. ഇതോടെ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചെറിയ കുളത്തിന് അടുത്തായാണ് ഇറിഗേഷന്‍ ഓഫീസ് ഉള്ളത്. ചെറിയ മഴ പെയ്താല്‍ പോലും സാധാരണയായി ഈ ഓഫീസിലേക്ക് വെള്ളം കയറാറുണ്ട്. അതിശക്തമായ മഴ കൂടി പെയ്തതോടെ ഓഫീസിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയിരിക്കുകയാണ്. രണ്ടടി പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ ഒരു പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല. ഒരു ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണം എന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ഇതുവരെയും വേണ്ട നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. മണ്ണാര്‍ക്കാട് തെങ്കര കാഞ്ഞിരം റോഡില്‍ കോല്‍പാടം ക്രോസ് വേ നിറഞ്ഞൊഴുകി. അലനല്ലൂര്‍ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. രണ്ടു സ്ഥലത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
പാലക്കാട് മാത്രമല്ല തൃശൂരിലും കനത്ത മഴ. തൃശൂരില്‍ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും ശക്തമായ മഴ. ചേലക്കരയില്‍ മലവെള്ളപ്പാച്ചിലില്‍ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയില്‍ ആറ്റൂര്‍ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ട വാര്യര്‍ റോഡിലും മുരിങ്ങൂരില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നിടത്തും വെള്ളക്കെട്ട്. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഒരാഴ്ച മുമ്പ് തകര്‍ത്ത പെയ്ത മഴയിലും പാലക്കാട് മുങ്ങി. വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ദുരിതം തീരും മുമ്പാണ് അടുത്ത ഭീതി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് പ്രദേശവാസികള്‍ തറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇല്ലെന്ന് അധികാരികളും. ഒരു തര്‍ക്കത്തിന് നില്‍ക്കാതെ ജനങ്ങളെ സുരക്ഷിതരാക്കാനുള്ള നീക്കമാണ് എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടത്.
മലപ്പുറം കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. അല്‍പസമയമായി മഴക്ക് നേരിയ ശമനമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍?കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
ഇതിനിടെ തൃശൂരില്‍ കനത്ത മഴയ്ക്കിടെ ടാറിങ്. മാരാര്‍ റോഡില്‍ കോര്‍പറേഷന്‍ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാന്‍ തുടങ്ങിയത്. നാട്ടുകാര്‍ രംഗത്തെത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ ടാറിടല്‍ നിര്‍ത്തിവയ്ക്കാന്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാന്‍ ആരുമെത്തിയിരുന്നില്ല. ഇന്ന് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കുകയും രാവിലെ മുതല്‍ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാനെത്തിയത്. 'ഈ മഴയത്താണോടോ ടാറിങ്, നിര്‍ത്തിപ്പോടോ' എന്ന് നാട്ടുകാര്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍നിന്നു കേള്‍ക്കാം.
കേരളത്തില്‍ മാത്രമല്ല മഴ സംഹാരതാണ്ഡവമാടുകയാണ്. ഉത്തരകാശിയെ മുക്കിയിരിക്കുകയാണ് മേഘവിസ്‌ഫോടനം.
ഡെറാഡൂണ്‍ ന്മ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 4 മരണം. അന്‍പതിലേറെപ്പേരെ കാണാനില്ലെന്നു വിവരമുണ്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളില്‍നിന്നു കുത്തിയൊഴുകിവന്ന പ്രളയജലം വീടുകള്‍ക്കു മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കില്‍പെട്ടു. വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. സൈന്യവും എത്തിയിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് ഖീര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനാല്‍ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകള്‍ അലറിവിളിക്കുന്നതിന്റെ വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവരം അറിഞ്ഞയുടനെത്തന്നെ സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘം (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തിയെന്ന് എസ്ഡിആര്‍എഫ് ഐജി അരുണ്‍ മോഹന്‍ ജോഷി പറഞ്ഞു. രണ്ടു യൂണിറ്റുകള്‍ ഉടനെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. ഗംഗോത്രിയിലേക്കു പോകുന്ന വഴിയിലെ പ്രധാനപ്പെട്ട കേന്ദ്രമാണ് ധരാലി. നിരവധി ഹോട്ടലുകളും, റസ്റ്ററന്റുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. അനവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സുധാന്‍ശു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ''ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും സംഭവസ്ഥലത്തേക്കു എത്തിയിരുന്നു. ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 16 അംഗ സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. ഐടിബിപിയുടെ 12ാമത് ബറ്റാലിയന്‍ ഉത്തരാഖണ്ഡിലെ മാള്‍ട്ടിയില്‍നിന്ന് ഉടന്‍തന്നെ സ്ഥലത്തെത്തും.
https://www.facebook.com/Malayalivartha