മുൻകൂർജാമ്യം ലഭിക്കുമെന്ന വേടന്‍റെ ആത്മവിശ്വാസം തകർന്നു ; ബോൾഗാട്ടി പാലസിലെ പരിപാടി മാറ്റിവച്ചു; ലൊക്കേഷൻ പരിശോധിച്ചു പോലീസ്

ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. വേടന്റെ ലൊക്കേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വേടൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
വേടൻ ഒളിവിൽ പോയതിനെത്തുടർന്ന് കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചിരിക്കുകയാണ്. കൊച്ചി ബോൾഗാട്ടി പാലസിൽ ശനിയാഴ്ച നടത്താനിരുന്ന ഓളം ലൈവാണ് മാറ്റിവച്ചത്. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് തീരുമാനം. മുൻകൂർജാമ്യം ലഭിക്കുമെന്ന വേടന്‍റെ ആത്മവിശ്വാസമായിരുന്നു പരിപാടിയുമായി സംഘാടകർ മുന്നോട്ടു പോകാൻ കാരണം. ഫെജോയും ഗബ്രിയും അടക്കം മറ്റു റാപ്പർമാർ ഉണ്ടായിരുന്നെങ്കിലും വേടനായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിലെ പരിപാടിയുടെ പ്രധാന ആകർഷണം. ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്കിങും തുടങ്ങി. അതിനിടെയാണ് വേടനെതിരെ യുവഡോക്ടറുടെ പീഡന പരാതി വരുന്നതും ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതും. പരിപാടി നടക്കുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് നടക്കുമെന്ന് തന്നെയായിരുന്നു മറുപടി. ഇപ്പോൾ , മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇത് തെളിയിക്കുന്ന അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha