തെരുവുനായ ശല്യം: സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണം - ചെറിയാൻ ഫിലിപ്പ്

ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ ആറാഴ്ചക്കകം പിടികൂടി അഭയ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന പുതിയ സുപ്രീം കോടതി വിധി നഗര സ്വഭാവമുള്ള കേരളത്തിലും നടപ്പാക്കണം.
തെരുവുനായ ശല്യം ഭീകര പ്രശ്നമാണെന്നു പറയുന്ന സുപ്രീകോടതി, നായ്ക്കളെ പിടികൂടുന്നതിനെ തടസ്സപ്പെടുത്തുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകിയിട്ടുണ്ട്.
പേവിഷബാധപരത്തുന്ന തെരുവുനായ് ശല്യത്തെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിർദേശം സുപ്രീം കോടതി വിധിയോടെ കൂടുതൽ പ്രസക്തമാണ്.
കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 13 ലക്ഷം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 11 പേർ റാബിസ് വാക്സിൻ എടുത്തവരാണ്.
മൃഗ ജനന നിയന്ത്രണ പദ്ധതി പ്രകാരം ലക്ഷക്കണക്കിന് തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിൻ എടുക്കുകയും പാർപ്പിക്കുകയും ചെയ്യുന്നത് അപ്രായോഗമായതിനാൽ അവയെ കൊന്നൊടുക്കാൻ മൃഗ നിയമത്തിൽ മാറ്റം വരുത്താൻ സുപ്രീം കോടതിയും ഹൈക്കോടതിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം
മനുഷ്യജീവൻ ഹനിക്കുന്ന ഉപദ്രവകാരികളായ തെരുവുനായ്ക്കളെ സംരക്ഷിക്കുകയും ഭക്ഷ്യ മൃഗങ്ങൾ എന്ന നിലയിൽ ആടുമാടുകൾ, പന്നി, കോഴി എന്നിവയെ മനുഷ്യൻ കൊന്നു തിന്നുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
https://www.facebook.com/Malayalivartha