അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനും നാല്‍പ്പതുകാരനും രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ സ്രവം ചണ്ഡീഗണ്ഡിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ രോഗം ബാധിച്ച് മരിച്ചിരുന്നു.തുടര്‍ന്ന് അവിടെയുള്ള ജലാശയങ്ങളില്‍ കുളിക്കരുതെന്ന ജാഗ്രത നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
കുഞ്ഞിന്റെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടം. ഈ കിണര്‍ പൂര്‍ണമായി വറ്റിച്ച്, ശുദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ കിണറുകളിലെല്ലാം ക്ലോറിനേഷന്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച അന്നശേരി സ്വദേശിയായ നാല്‍പ്പതുകാരന്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
https://www.facebook.com/Malayalivartha