ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഓസ്ട്രേലിയക്ക്....

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേടി ഓസ്ട്രേലിയ. അവസാന ടി20യില്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നു നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.
ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ അവസരോചിത ബാറ്റിങ് മികവാണ് ഓസീസ് ജയം പിടിച്ച് പരമ്പര ഭദ്രമാക്കിയത്. ആറാമനായി ക്രീസിലെത്തിയ മാക്സ്വെല്‍ 36 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 62 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയും ചെയ്തു.
അവസാന ഓവര്‍ ത്രില്ലറിലാണ് ഓസീസ് ജയം. അവസാന രണ്ട് ഓവറില്‍ 12 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. കൈയില്‍ 4 വിക്കറ്റുകളുമുണ്ടായിരുന്നു. എന്നാല്‍ കോര്‍ബിന്‍ ബോഷ് എറിഞ്ഞ 19ാം ഓവര്‍ സംഭവ ബഹുലമായി. ഈ ഓവറില്‍ താരം 2 ലെഗ് ബൈ റണ്‍സ് മാത്രമാണ് വഴങ്ങിയത്. 2 വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഓസീസിനെ പ്രതിരോധത്തിലാക്കി.
അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയത്തിലേക്ക് ഓസീസിന് ആവശ്യമായി വന്നത്. മക്‌സ്‌വെല്ലായിരുന്നു ക്രീസിലുണ്ടായിരുന്നത്. ലുംഗി എന്‍ഗിഡി എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തില്‍ 2 റണ്‍സും രണ്ടാം പന്തില്‍ 4 റണ്‍സും മാക്‌സ്‌വെല്‍ സ്വന്തമാക്കി. മൂന്നും നാലും പന്തുകളില്‍ റണ്ണില്ല. ഇതോടെ ലക്ഷ്യം 2 പന്തില്‍ 4 റണ്‍സായി. അഞ്ചാം പന്തില്‍ മാക്‌സ്‌വെല്‍ ബൗണ്ടറിയടിച്ച് ടീമിനു ത്രില്ലര്‍ ജയം സമ്മാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha