ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മരത്തിനു ചുവട്ടിലിരിക്കുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആൾക്കൂട്ടത്തിൽ നിന്നും നിവേദനവുമായി എത്തിയ ഒരു സാധാരണക്കാരനായ വ്യക്തി. തനറെ പരാതികൾ പേപ്പറിലാക്കി കേന്ദ്രമന്ത്രിക്ക് കൊടുക്കാൻ ആരോ അദ്ദേഹത്തെ ഉപദേശിച്ചിരിക്കണം... അത് അനുസരിച്ച് ആകാം ആ മനുഷ്യൻ പ്രതീക്ഷയോടെ സുരേഷ് ഗോപിക്കരികിൽ എത്തിയത്. എന്നാൽ സുരേഷ് ഗോപി ചെയ്തതാകട്ടെ ആ പരാതി വാങ്ങുകയോ അത് എന്താന്നെന്ന് അറിയാൻ ശ്രമിക്കുകയോ ചെയ്തില്ല.
മാത്രമല്ല ഈ കാഴ്ച കണ്ട് പരാതിയുമായി വന്ന മറ്റൊരാൾ ആകട്ടെ പരാതി പതുക്കെ മടക്കി ഒളിപ്പിക്കുകയും ചെയ്തു. കേന്ദസഹമന്ത്രി സുരേഷ് ഗോപിയുടെ ഈ ചെയ്തികൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കലുങ്ക് സൗഹാർദ്ദ സംവാദം നടത്തുന്നതിനിടെയാണ് വയോധികന്റെ നിവേദനം പരിഗണിക്കാതിരുന്നത്. ജനപ്രതിനിധി പാവപ്പെട്ടവരെയും പരിഗണിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, കൊച്ചു വേലായുധന് വീടുവച്ച് നൽകുമെന്ന് അറിയിച്ചിരുന്നു
77-കാരനായ കൊച്ചുവേലായുധൻ ആണ് ആ വ്യക്തി . പ്രതീക്ഷയോടെയാണ് നടൻ കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാൻ സഹായാഭ്യർഥനയുള്ള കത്തുമായി കൊച്ചുവേലായുധൻ പോയത്. കൊച്ചുവേലായുധന്റെ പുള്ളിലെ വീടിനടുത്തായിരുന്നു സുരേഷ് ഗോപിയുടെ 'കലുങ്ക് ചർച്ച' എന്ന ജനസമ്പർക്കം.
എന്നാൽ ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതഭവനം ഉറപ്പാക്കാൻ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താൻ കാരണം അവർക്ക് ഒരു വീട് ലഭ്യമായല്ലോ എന്നാണ് സുരേഷ് ഗോപി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഭവനനിർമാണം സംസ്ഥാന വിഷയമാണ്.
അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. മന്ത്രി വ്യക്തമാക്കി. പൊതുപ്രവർത്തകനായി എന്ത് ചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെക്കുറിച്ച് ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















