കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വർഷം....

കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വർഷം തികയുന്നു. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെയാണ് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉന്നത ഉദ്യോഗസ്ഥൻ താമസസ്ഥലത്ത് ജീവനൊടുക്കിയത്.
സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി മുൻ അംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതല്ലാതെ ഗൂഢാലോചനയൊന്നും കാര്യമായി അന്വേഷിച്ചില്ലെന്നതാണ് പ്രധാന പരാതി. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവർഷം ഒക്ടോബർ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്.
ജില്ലയിലെ പെട്രോൾപമ്പിന്റെ എൻ.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവർത്തകർക്ക് മുമ്പിൽ ദിവ്യ നടത്തിയ ആ പ്രസംഗം. ഇതിൽ മനംനൊന്ത് ഒക്ടോബർ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയിൽ കണ്ടതോടെ വൻ സമരങ്ങൾക്ക് കണ്ണൂർ വേദിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി.
എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു, വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല.
ആത്മഹത്യയാണോ അല്ലയോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ഇതിന് പൊലീസ് നൽകുന്ന മറുപടി. നവീന്റേത് കൊലപാതകമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ വരെ നൽകിയ ഹർജികൾ തള്ളിയതോടെയാണ് തുടരന്വേഷണം എന്ന നിലക്ക് വീണ്ടും കുടുംബം വിചാരണകോടതിയെ സമീപിച്ചത്. കേസ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ആണ് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha