എഎഫ്സി ഏഷ്യന് കപ്പ് ഫുട്ബോളില് ഫൈനല് റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്...

എഎഫ്സി ഏഷ്യന് കപ്പ് ഫുട്ബോളില് ഫൈനല് റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്. യോഗ്യതാ മത്സരത്തില് സിംഗപ്പൂര് ഇന്ത്യയെ തോല്പ്പിച്ചു. മഡ്ഗാവിലെ ഫറ്റോര്ഡ സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്ത്യ തോല്വി വഴങ്ങിയത്. തോല്വിയോടെ ഇന്ത്യ അടുത്ത വര്ഷത്തെ ഏഷ്യന് കപ്പിനു യോഗ്യത നേടാതെ പുറത്തായി.
സിംഗപ്പൂരിനെതിരായ നിര്ണായക ഹോം മത്സരത്തില് ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം. 14-ാം മിനിറ്റില് ലാലിയന്സുവാല ചാങ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി.35 വാര അകലെ നിന്ന് ചാങ്തെ തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര് സിംഗപ്പൂര് ഗോളിക്ക് ഒരവസരവും നല്കാതെ വലയില് കയറുകയായിരുന്നു. എന്നാല് ആദ്യ പകുതി അവസാനിക്കാനായി നിമിഷങ്ങള് മാത്രം ശേഷിക്കെ, സോങ് യുയി യങ്ങിന്റെ ഗോളിലൂടെ സിംഗപ്പൂര് ഒപ്പമെത്തി.
58-ാം മിനിറ്റില് യങ്ങിന്റെ രണ്ടാം ഗോളിലൂടെ സിംഗപ്പുർ മുന്നിലെത്തി. ഇതോടെ സമനില ഗോളിനായി ഇന്ത്യ ആഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തോല്വിയോടെ നാലു കളികളില് നിന്ന് രണ്ട് പോയന്റ് മാത്രമുള്ള ഇന്ത്യ പോയന്റ് പട്ടികയില് അവസാന സ്ഥാനത്താണ്. നാല് കളികളില് നിന്ന് എട്ടു പോയന്റുമായി സിംഗപ്പുർ രണ്ടാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha