രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര് 21ന് ശബരിമലയില്‍ എത്തും

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനത്തിന്റെയും ശബരിമല ദര്‍ശനത്തിന്റെയും വിശദമായ ഷെഡ്യൂള്‍ പ്രോട്ടോക്കോള്‍ വിഭാഗം അന്തിമം ആയിരിക്കുകയാണ് .ഈ മാസം 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും.
അതേസമയം, ക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണപ്പാളി കാണാതായ വിവാദം ഈ സുപ്രധാന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ആളിക്കത്തുകയാണ്. ഹൈക്കോടതി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥന്‍ വീണ്ടും സന്നിധാനം പരിശോധിക്കാന്‍ എത്തുന്നു. കൂടാതെ, രാഷ്ട്രപതിയെ നേരില്‍ കണ്ട് കേന്ദ്ര അന്വേഷണം ആവശ്യപ്പെടാന്‍ കര്‍മസമിതിയും തീരുമാനിച്ചിരിക്കുന്നു. ഈ ഔദ്യോഗിക സന്ദര്‍ശനം കേരള രാഷ്ട്രീയത്തെയും ദേവസ്വം ഭരണത്തെയും എങ്ങനെ ബാധിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഒക്ടോബര്‍ 21ന് വൈകിട്ട് തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് വിശ്രമിക്കുക. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും. 10.20ന് നിലയ്ക്കലിലെത്തിയ ശേഷം റോഡ് മാര്‍ഗം പമ്പയിലേക്ക് പോകുക. സന്നിധാനത്തേക്കുള്ള യാത്രയിലാണ് സുരക്ഷാ പ്രോട്ടോക്കോളില്‍ പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനവ്യൂഹം പൂര്‍ണ്ണമായും ഒഴിവാക്കി, ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക 'ഗൂര്‍ഖ' ജീപ്പിലാണ് രാഷ്ട്രപതി പമ്പയില്‍ നിന്ന് മലകയറുക.
ജീപ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും അകമ്പടി സേവിക്കുക. 12 മണിയോടെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്ന രാഷ്ട്രപതി, ദേവസ്വം ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം 3 മണിയോടെ ഇതേ ജീപ്പില്‍ പമ്പയിലേക്ക് മടങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം നിലയ്ക്കലെത്തി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്ഥാനത്തെ മറ്റ് പരിപാടികളില്‍ പങ്കെടുത്ത ശേഷം 24നാണ് രാഷ്ട്രപതി കേരളത്തില്‍ നിന്ന് മടങ്ങുന്നത്. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരിട്ട് ധരിപ്പിക്കുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ അറിയിച്ചു.
സന്നിധാനത്ത് വെച്ച് രാഷ്ട്രപതിയെ നേരില്‍ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ ചോദ്യങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഉള്‍പ്പെടെ വിഷയം ധരിപ്പിച്ചതെന്നും കേന്ദ്ര അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യമെന്നും കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























